ബംഗാളിലെ ചിട്ടി തട്ടിപ്പ്: ഉടമയെ കാഷ്മീരില്‍നിന്ന് അറസ്റ്റ് ചെയ്തു
Wednesday, April 24, 2013 1:10 AM IST
ശ്രീനഗര്‍: ചിട്ടിക്കമ്പനി തട്ടിപ്പ് ആയിരക്കണക്കിന് നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയ പശ്ചിമ ബംഗാളിലെ ശാരദാ ഗ്രൂപ്പ് ഉടമ സുദീപ്ത സെന്നിനെ അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയില്‍നിന്നു മുങ്ങിയ സെന്നിനെ കാഷ്മീരിലെ സോണ്‍മാര്‍ഗിലെ സ്നോ ലാന്‍ഡ് ഹോട്ടലില്‍ നിന്നാണ് സുദീപ്തയെ പിടികൂടിയത്. ശാരദ ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ദേബ് ജാനി മുഖോപാധ്യായ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അരവിന്ദ് ചൌഹാന്‍ എന്നിവരേയും സുദീപ്തയോടൊപ്പം ഹോട്ടലില്‍ നിന്ന് കസ്റഡിയിലെടുത്തിട്ടുണ്ട്.

റോഡ് മാര്‍ഗം 2500 കിലോമീറ്റര്‍ പിന്നിട്ടാണ് സുദീപ്തയും ദേബ്ജാനിയും കാശ്മീരിലെത്തിയത്. ചിട്ടിക്കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് നിക്ഷേപകര്‍ക്ക് അവരുടെ പണം മൂന്നു മാസത്തിനുള്ളില്‍ തിരികെ നല്‍കാന്‍ സെബി കമ്പനിയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇവര്‍ മുങ്ങിയത്. അതേസമയം ചിട്ടിപൊട്ടിയതുമൂലം ശാരദാഗ്രൂപ്പിന് കീഴിലുള്ള മാധ്യമസ്ഥാപനങ്ങളുടെ ഭാവിയും ആശങ്കയിലായിട്ടുണ്ട്.

ഇംഗ്ളീഷ് പത്രം ബംഗാള്‍ പോസ്റ്, ബംഗാളി പത്രം സകല്‍ബെല്ല, ഉറുദുപത്രം ആസാദ് ഹിന്ദ്, ചാനലുകളായ താരാ ന്യൂസ്, താരാ മ്യൂസിക്, താരാ ബംഗ്ള, സൌത്ത് ഏഷ്യാ ടിവി, ഉറുദുമാഗസിന്‍ കലാം, ബംഗാളി ആഴ്ചപതിപ്പായ പരോമ, ഹിന്ദിപത്രം പ്രഭാത് ഹിന്ദ്, ഗുവാഹട്ടിയില്‍ നിന്നുള്ള സെവന്‍ സിസ്റ്റേഴ്സ് പോസ്റ് എന്നിവയെല്ലാം ശാരദാഗ്രൂപ്പിന്റെ പ്രസിദ്ധീകരണങ്ങളാണ്. ചിട്ടി പൊട്ടിയതു മൂലം ആയിരക്കണക്കിനു പേരുടെ പണം നഷ്ടപ്പെട്ടതിനു പുറമേ ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക്് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു.