കറുത്ത ഫിലിമൊട്ടിച്ച കാറുകള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കരുതെന്ന് നിര്‍ദേശം
Wednesday, April 24, 2013 12:54 AM IST
ന്യൂഡല്‍ഹി: കറുത്ത ഫിലിം ഒട്ടിച്ച കാറുകള്‍ അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് നല്‍കരുതെന്ന് കേന്ദ്രം. ഇതുസംബന്ധിച്ച് ഉപരിതല ഗതാഗത മന്ത്രാലയം ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. അതോറിറ്റിയുടെ അനുമതി ലഭിച്ചാല്‍ ഇതു നടപ്പിലാക്കും. കറുത്ത പേപ്പര്‍ ഒട്ടിക്കുന്ന വാഹനങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാഹനങ്ങളില്‍ കൂളിംഗ് പേപ്പറുകള്‍ ഒട്ടിക്കുന്നതിനെതിരേയുള്ള കോടതി വിധി പൂര്‍ണമായി നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കടുത്ത നടപടികളുമായി മന്ത്രാലയം രംഗത്തുവരുന്നത്. വാഹന ഇന്‍ഷുറന്‍സ് ചട്ടങ്ങളില്‍ ഇതു കൂടി ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഒരിക്കല്‍ പിടികൂടി വീണ്ടുമൊരിക്കല്‍ കൂടി ഇതേ തെറ്റ് ആവര്‍ത്തിക്കുന്ന വണ്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കണമെന്നും ചീഫ് സെക്രട്ടറ്ിക്ക് അയച്ച കത്തില്‍ മന്ത്രാലയം ആവശ്യപ്പെടുന്നു.