ഗാന്ധിനഗര്‍ വിടില്ലെന്ന് അഡ്വാനി; മോഡിയുടെ നോട്ടം വാജ്പേയിയുടെ സീറ്റ്
Wednesday, April 24, 2013 11:04 AM IST
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍കെ അഡ്വാനി ഗുജറാത്തില്‍നിന്നുതന്നെ മത്സരിച്ചേക്കും. തന്നെ വന്നു കണ്ട ഗുജറാത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കാണ് അഡ്വാനി ഈ ഉറപ്പു നല്‍കിയത്. ഇതോടെ വരുന്ന തെരഞ്ഞെടുപ്പിലും മത്സരരംഗത്തുണ്ടാകുമെന്ന വ്യക്തമായ സന്ദേശമാണ് അഡ്വാനി നല്‍കുന്നത്. ഗുജറാത്തിലെ ഗാന്ധിനഗറാണ് അഡ്വാനിയുടെ സിറ്റിംഗ് മണ്ഡലം.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ ബിജെപിയിലെ ഒരുവിഭാഗം ശ്രമിക്കുന്നതിനിടെയാണ് അഡ്വാനിയുടെ പ്രസ്താവന. നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനെതിരേ എന്‍ഡിഎയിലെ ഒരുവിഭാഗം പ്രതിഷേധം ഉയര്‍ത്തുന്നതിനിടെ അഡ്വാനിയുടെ നീക്കം രാഷ്ട്രീയപരമായി ഏറെ പ്രാധാന്യമുളളതാണ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍നിന്ന് അഡ്വാനി മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളും ഇതോടെ അവസാനിച്ചിരിക്കുകയാണ്. താന്‍ ഇന്‍ഡോറില്‍നിന്നു മത്സരിക്കാനില്ല. വരുന്ന തെരഞ്ഞെടുപ്പിലും ഗുജറാത്തിയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ നരേന്ദ്ര മോഡി മുന്‍പ്രധാനമന്ത്രി വാജയ്പേയിയുടെ സീറ്റായ ലക്നോവില്‍നിന്ന് മത്സരിക്കുമെന്നും അഭ്യൂഹമുണ്ട്. ഗുജറാത്തിനു പുറത്തും തനിക്ക് സ്വാധീനമുണ്െടന്നു തെളിയിക്കാനാണ് മോഡിയുടെ നീക്കം. പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗിന്റെ പിന്തുണയോടെയാണ് മോഡിയുടെ നീക്കം. മോഡിയുടെ വലംകൈയായ അമിത് ഷാ അഡ്വാനിയുടെ മണ്ഡലമായ ഗാന്ധിനഗര്‍ കണ്ണു വയ്ക്കുന്നുണ്െടന്നും സൂചനയുണ്ട്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി അഡ്വാനിയായിരുന്നെങ്കിലും സഖ്യത്തിന് ഭരണത്തിലെത്താനാകാതിരുന്നതോടെ ബിജെപിയുടെ സ്ഥാപകനേതാക്കളിലൊരാളും പാര്‍ട്ടിയുടെ മുഖവുമായ അഡ്വാനിയുടെ പ്രധാനമന്ത്രിമോഹം പൊലിഞ്ഞിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പാര്‍ട്ടിയുടെ രണ്ടാംനിര നേതൃത്വത്തിലെ പ്രധാനിയായ സുഷമ സ്വരാജിനെയാണ് അഡ്വാനി നിയോഗിച്ചത്. ഇനിയൊരിക്കല്‍ കൂടി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഉണ്ടാകില്ലെന്നും അന്ന് അഡ്വാനി സൂചിപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമം നടടത്തുന്നതിനിടെയാണ് അഡ്വാനി മത്സരരംഗത്തും പ്രധാനമന്ത്രി സ്ഥാനിര്‍ഥിയുമായി താന്‍ ഉണ്ടാകുമെന്ന വ്യക്തമായ സൂചന ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.