പാക്കിസ്ഥാനില്‍ ഉണ്ടായ സ്ഫോടനങ്ങളില്‍ ഏഴുമരണം
Wednesday, April 24, 2013 12:13 AM IST
ഇസ്ലാമാബാദ്: ചാവേര്‍ ബോംബ് സ്ഫോടനം ഉള്‍പ്പടെ പാക്കിസ്ഥാനില്‍ ഉണ്ടായ അഞ്ച് വ്യത്യസ്ത ബോംബ് ആക്രമണങ്ങളില്‍ ഏഴു പേര്‍ മരിച്ചു. അറുപത് പേര്‍ക്ക് പരിക്കേറ്റു. ക്വറ്റയിലും കറാച്ചിയിലുമാണ് സ്ഫോടനങ്ങളെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂനപക്ഷവിഭാഗമായ ഷിയ വിഭാഗത്തെ ലക്ഷ്യമാക്കിയായിരുന്നു ചാവേര്‍ ബോംബ് ആക്രമണം. ഷിയ ഭൂരിപക്ഷ മേഖലയായ ക്വറ്റയിലെ അല്മാദര്‍ റോഡിലെ ചെക്ക്പോസ്റില്‍ സ്ഫോടകവസ്തുക്കളുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ചാവേര്‍ ഉള്‍പ്പടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഏഴു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ചൊവാഴ്ച രാത്രി പ്രാദേശിക സമയം 9.15 ഓടെയായിരുന്നു സ്ഫോടനമെന്ന് അധികൃതര്‍ പറഞ്ഞു. സ്ഫോടനത്തില്‍ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു. ക്വറ്റയില്‍ ചൊവാഴ്ച വൈകുന്നേരം മൂന്ന് സ്ഫോടനങ്ങള്‍ ഉണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല.

കറാച്ചിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. 20 പേര്‍ക്കു പരിക്കേറ്റു. റോഡരികില്‍ കുഴിച്ചിട്ടിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലന്നും അധികൃതര്‍ വ്യക്തമാക്കി.