ആരുഷിവധം: പിതാവ് കൊലയാളിയായത് അബദ്ധത്തിലെന്ന് സിബിഐ
Wednesday, April 24, 2013 12:07 AM IST
ന്യൂഡല്‍ഹി: ആരുഷിയെ കൊലപ്പെടുത്തിയത് പിതാവ് രാജേഷ് തല്‍വാര്‍ തന്നെയാണെന്ന് സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ എജിഎല്‍ കൌള്‍ ഗാസിയാബാദ് കോടതിയില്‍ മൊഴി നല്‍കി. എന്നാല്‍ കൊലപാതകം മനഃപ്പൂര്‍വം ആയിരുന്നില്ലെന്നും ആകസ്മികമായി സംഭവിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. വീട്ടുജോലിക്കാരനായ ഹേംരാജിനെയും രാജേഷ് തല്‍വാര്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്നും കൌള്‍ പറഞ്ഞു.

ആരുഷിയേയും വീട്ടുവേലക്കാരനായ ഹേംരാജിനെയും 'അസുഖകരമായ' സാഹചര്യത്തില്‍ കണ്ടപ്പോള്‍ നിയന്ത്രണം വിട്ട തല്‍വാര്‍ ഗോള്‍ഫ് കളിക്കുന്ന സ്റ്റിക് എടുത്തു വീശുകയായിരുന്നുവെന്ന് അദ്ദേഹം വിചാരണയ്ക്കിടെ കോടതിയില്‍ വിശദീകരിച്ചു. ഹേംരാജിനെതിരേ വീശിയപ്പോള്‍ ഉന്നം പിഴച്ച് ആരുഷിക്ക് കൊള്ളുകയായിരുന്നു. പിന്നീട് ഹേംരാജിനെ ഇതുപയോഗിച്ചു വകവരുത്തുകയായിരുന്നു. അര്‍ധരാത്രിയോടെ ഉറക്കമുണര്‍ന്ന തല്‍വാര്‍ മകളുടെ മുറിയില്‍നിന്ന് ശബ്ദം കേട്ടു ചെന്നു നോക്കിയപ്പോഴാണ് അസുഖകരമായ കാഴ്ച കണ്ടതെന്നും കൌള്‍ കോടതിയില്‍ വെളിപ്പെടുത്തി.

ദന്തഡോക്ടര്‍മാരായ ദമ്പതികളുടെ നോയിഡയിലുള്ള വസതിയില്‍ 2008 മേയ് 15 രാത്രിയിലാണ് ആരുഷിയും ഹേംരാജും കൊല്ലപ്പെട്ടത്. അര്‍ധരാത്രി 12 മണിക്കു ശേഷമാണ് കൊലപാതകം നടന്നതെന്ന് പ്ോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആരുഷിയുടെ കിടപ്പുമുറിയിലാണ് കൊലപാതകം നടന്നത്. പിന്നീട് ഹേംരാജിനെ വീടിന്റെ മച്ചിലേക്കു വലിച്ചു കൊണ്ടുപോവുകയും കഴുത്തറക്കുകയും ചെയ്യുകയായിരുന്നുവെന്നും കൌള്‍ പറഞ്ഞു.