പാപ്പുവ ന്യൂഗിനിയയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല
Tuesday, April 23, 2013 11:42 PM IST
സിഡ്നി: പസഫിക് രാജ്യമായ പാപ്പുവ ന്യൂഗിനിയയില്‍ ശക്തമായ ഭൂചലനം. പ്രദേശികസമയം രാവിലെ 9.14 ഉണ്ടായ ഭൂചലനം റിക്ടര്‍ സ്കെയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. സുനാമി ഭീഷണി ഇല്ല. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ചു നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പാപ്പുവ ന്യൂഗിനിയയുടെ കിഴക്കന്‍ മേഖലയായ റാബൌളില്‍ നിന്നും 31 കിലോമീറ്റര്‍ വടക്ക് പസഫിക് സമുദ്രത്തില്‍ 18 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 1994ല്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് വന്‍ദുരന്തം ഉണ്ടായ പ്രദേശമാണ് റാബൌള്‍. ഏതുസമയവും വന്‍ദുരന്തം ഉണ്ടായേക്കാവുന്ന പ്രദേശമായിട്ടാണ് റാബൌളിനെ ഭൌമശാസ്ത്രഞ്ജര്‍ വിലയിരുത്തിയിരിക്കുന്നത്.