പത്തുവര്‍ഷത്തിനിടെ ആദ്യമായി ആപ്പിളിന്റെ ലാഭം കുറഞ്ഞു
Tuesday, April 23, 2013 10:06 PM IST
സാന്‍ഫ്രാന്‍സിസ്കോ: ഒരുദശാബ്ദത്തിനിടെ ആദ്യമായി ആഗോള ഐടി ഭീമന്‍ ആപ്പിളിന്റെ ലാഭം കുറഞ്ഞതായി റിപ്പോര്‍ട്ട്. കമ്പനി പുറത്തുവിട്ട 2013 ആദ്യപാത സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ലാഭത്തില്‍ ഇടിവുണ്ടായതായി പറയുന്നത്. വരുമാനത്തില്‍ 11 ശതമാനം വര്‍ധനവ് ഉണ്ടായെങ്കിലും ലാഭത്തില്‍ 18 ശതമാനത്തിന്റെ കുറവാണ് വന്നിരിക്കുന്നത്. 41-43 ബില്യണ്‍ ഡോളര്‍ മൊത്തവരുമാനമാണ് പ്രതീക്ഷിച്ചതെങ്കിലും 43,6 ബില്യണ്‍ ഡോളര്‍ ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2012ല്‍ 11.6 ബില്യണ്‍ ഡോളറായിരുന്ന ആപ്പിളിന്റെ ലാഭം. എന്നാല്‍ 2013 ആദ്യപാതകണക്കുകള്‍ അനുസരിച്ച് 9.5 ബില്യണ്‍ ഡോളറായി ലാഭം കുറഞ്ഞു.

ലാഭത്തില്‍ കുറവുവന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനു പിന്നാലെ ആപ്പിളിന്റെ ഓഹരി വിലയിലും മാറ്റമുണ്ടായി. നിക്ഷേപകരുടെ താല്പര്യം കുറഞ്ഞതായാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍. ആപ്പിള്‍ ഐഫോണ്‍ 5 വിപണിയില്‍ എത്തി മാസങ്ങള്‍ പിന്നിടിട്ടും പുതിയ ഉല്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാത്തതാണ് ആപ്പിളിനു തിരിച്ചടിയായത്. 37.4 മില്യണ്‍ ഐഫോണുകളും 19.5 മില്യണ്‍ ഐപാഡുകളും 5.6 മില്യണ്‍ ഐപോഡുകളും 2013 ആദ്യപാദത്തില്‍ ആപ്പിള്‍ വിറ്റഴിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഐഫോണ്‍, ഐപാഡ് എന്നിവയുടെ വില്‍പനയില്‍ വന്‍വര്‍ധനവ് ഉണ്ടായി. എന്നാല്‍ ഐപോഡു വില്‍പന കുത്തനെ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.