സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്ന ബില്ലിന് ഫ്രഞ്ച് പാര്‍ലമെന്റിന്റെ അംഗീകാരം
Tuesday, April 23, 2013 7:35 PM IST
പാരീസ്: സ്വവര്‍ഗവിവാഹം രാജ്യത്ത് നിയമവിധേയമാക്കുന്ന ബില്ലിന് ഫ്രഞ്ച് പാര്‍ലമെന്റ് അംഗീകാരം നല്‍കി. 225 നെതിരേ 321 വോട്ടുകള്‍ക്കാണ് ബില്ല് പാസായത്. സ്വവര്‍ഗവിവാഹിതര്‍ക്ക് കുട്ടികളെ ദത്തെടുക്കാനും പുതിയ ബില്ലില്‍ അനുവാദം നല്‍കുന്നുണ്ട്.

ഇക്കാര്യം ആവശ്യപ്പെട്ട് ഫ്രാന്‍സില്‍ അടുത്തിടെ വന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യത്തില്‍ സംഘടിപ്പിച്ച പൊതു ചര്‍ച്ചകളിലെ അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് സര്‍ക്കാരിന്റെ നടപടി. വോട്ടെടുപ്പിന്റെ ഫലം പ്രഖ്യാപിച്ച സമയത്ത് സെന്‍ട്രല്‍ പാരീസിലെ നാഷണല്‍ അസംബ്ളി മന്ദിരത്തിന് പുറത്ത് നൂറുകണക്കിന് പേര്‍ ആഹ്ളാദപ്രകടനം നടത്തി. തീരുമാനത്തെ എതിര്‍ക്കുന്നവരും പിന്നീട് പ്രകടനം നടത്തിയിരുന്നു. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പാര്‍ലമെന്റിന് മുന്നില്‍ കനത്ത സുരക്ഷയും ഒരുക്കിയിരുന്നെങ്കിലും പ്രകടനങ്ങള്‍ സമാധാനപരമായിരുന്നു. സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കുന്ന പതിന്നാലാമത്തെ രാജ്യമാണ് ഫ്രാന്‍സ്.

സാമൂഹ്യവ്യവസ്ഥിതിയില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങളില്‍ പ്രധാനപ്പെട്ടതെന്നാണ് ഈ ബില്ലിനെ ഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദേ വിശേഷിപ്പിച്ചിരുന്നത്. ബില്ല് പാസായതോടെ ഫ്രാന്‍സിലെ നിയമവിധേയമായ ആദ്യ സ്വവര്‍ഗവിവാഹം ജൂണില്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് നീതിന്യായമന്ത്രി ക്രിസ്റ്യാനേ ടോബിര പറഞ്ഞു.