ബാഴ്സയെ 'നാലിന'ടിച്ച് ബയേണ്‍
Tuesday, April 23, 2013 6:39 PM IST
മ്യൂണിക്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ആദ്യപാദ സെമിയില്‍ ബാഴ്സലോണയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക് തകര്‍ത്തു. തോമസ് മുള്ളറുടെ ഇരട്ട ഗോളിന്റെ മികവിലായിരുന്നു ബയേണിന്റെ തിളക്കമാര്‍ന്ന വിജയം.

ഇരുപത്തിരണ്ടാം മിനിറ്റില്‍ മുള്ളറുടെ ഗോളിലൂടെയാണ് ബയേണ്‍ മുന്നിലെത്തിയത്. ക്ളോസ് റേഞ്ച് ഹെഡ്ഡറിലൂടെയാണ് മുള്ളര്‍ ലക്ഷ്യം കണ്ടത്. നാല്‍പത്തിയൊന്‍പതാം മിനിറ്റില്‍ മരിയോ ഗോമസും എഴുപത്തി മൂന്നാം മിനിറ്റില്‍ ആര്‍ജന്‍ റോബനും ബയേണിന് വേണ്ടി ബാഴ്സയുടെ വല ചലിപ്പിച്ചു. എണ്‍പത്തിരണ്ടാം മിനിറ്റിലായിരുന്നു മുള്ളറുടെ രണ്ടാം ഗോള്‍ പിറന്നത്. ആദ്യം മുതല്‍ തന്നെ ആക്രമിച്ചുകളിച്ച ബയേണ്‍ നാലാം മിനിറ്റില്‍ തന്നെ ഗോളവസരം കണ്ടെത്തിയിരുന്നു.

ജാവി മാര്‍ട്ടിന്‍സ് ആര്‍ജന്‍ റോബന് നല്‍കിയ പാസ് ഗോള്‍വല ലക്ഷ്യമാക്കി പാഞ്ഞെങ്കിലും വല കാത്ത വിക്ടര്‍ വാല്‍ഡെസ് ബാഴ്സയുടെ രക്ഷകനാകുകയായിരുന്നു. അടുത്തിടെ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണ നേരിടുന്ന കനത്ത പരാജയമാണിത്.

അടുത്ത ആഴ്ച സ്പെയിനിലാണ് രണ്ടാംപാദ സെമി.