വൈറ്റ് ഹൌസില്‍ സ്ഫോടനം; ഒബാമയ്ക്ക് പരിക്ക്: ഹാക്കര്‍മാര്‍ പണിപറ്റിച്ചു
Tuesday, April 23, 2013 6:12 PM IST
വാഷിംഗ്ടണ്‍: 'ബ്രേക്കിംഗ് ന്യൂസ്, വൈറ്റ് ഹൌസില്‍ ഇരട്ട സ്ഫോടനം. ബറാക്ക് ഒബാമയ്ക്ക് പരിക്ക്.' അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ ട്വിറ്റര്‍ അക്കൌണ്ടില്‍ ഇന്നലെ പ്രത്യക്ഷപ്പെട്ട ട്വീറ്റുകളില്‍ ഒന്നാണിത്. ഏജന്‍സിയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ കടന്നുകയറിയ ഹാക്കര്‍മാരാണ് വ്യാജസന്ദേശം പോസ്റ് ചെയ്തത്.

അപ്രതീക്ഷിതമായ സന്ദേശം മാധ്യമലോകത്തും സൈബര്‍ ലോകത്തും ഒരുപോലെ പരിഭ്രാന്തിക്ക് വഴിവെച്ചു. എന്നാല്‍ പെട്ടന്നുതന്നെ അസോസിയേറ്റഡ് പ്രസ് വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കിയതോടെ ആശങ്കയ്ക്ക് വിരാമമാകുകയും ചെയ്തു. ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും അക്കൌണ്ടില്‍ പ്രത്യക്ഷപ്പെട്ട സന്ദേശം വ്യാജമാണെന്നും ഏജന്‍സി വ്യക്തമാക്കി. ഏജന്‍സിയുടെ വൈറ്റ് ഹൌസ് കറസ്പോണ്ടന്റായ ജൂലി പേസാണ് നേരിട്ട് വിശദീകരണവുമായി രംഗത്ത് എത്തിയത്.

ഒബാമ സൌഖ്യമായിരിക്കുന്നതായി വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി ജയ് കാര്‍ണി പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു. വാര്‍ത്ത അമേരിക്കയുടെ ഓഹരിവിപണിയില്‍ പോലും ഇടിവുണ്ടാക്കിയിരുന്നു. ഡൌ ജോണ്‍സില്‍ 130 പോയിന്റോളവും സ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ ഇന്‍ഡെക്സ് 12 പോയിന്റും താഴ്ന്നു. എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന അറിയിപ്പ് വന്നതോടെ മൂന്നോ നാലോ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിപണി പഴയ നിലയിലെത്തുകയും ചെയ്തു.