ഇറാക്കില്‍ പ്രതിഷേധത്തിനിടെ സംഘര്‍ഷം; മുപ്പതോളം പേര്‍ കൊല്ലപ്പെട്ടു
Tuesday, April 23, 2013 5:52 PM IST
ബാഗ്ദാദ്: ഇറാക്കില്‍ സുന്നി വിഭാഗം നടത്തിയ പ്രതിഷേധത്തിനിടെ സുരക്ഷാസേനയുമായുണ്ടായ സംഘര്‍ഷത്തില്‍ മുപ്പതോളം പേര്‍ കൊല്ലപ്പെട്ടു. മരണം 50 കടന്നതായി അനൌദ്യോഗിക റിപ്പോര്‍ട്ടുകളുമുണ്ട്. വടക്കന്‍ ഇറാക്കിലാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.

കിര്‍ക്കുക്കിന് സമീപം ഹാവിജയിലുള്ള പ്രതിഷേധക്കാരുടെ ക്യാമ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തതാണ് പ്രകോപനത്തിന് വഴിവെച്ചത്. ഇതേ തുടര്‍ന്നുണ്ടായ പ്രതിഷേധം സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിലേക്ക് വഴിമാറുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സുന്നി വിഭാഗത്തില്‍ പെട്ട രണ്ട് മന്ത്രിമാര്‍ രാജിവെച്ചു. വിദ്യാഭ്യാസ മന്ത്രി മൊഹമ്മദ് തമീം, ശാസ്ത്ര സാങ്കേതിക മന്ത്രി അബ്ദുള്‍ കരീം അല്‍-സമാറൈ എന്നിവരാണ് രാജിവെച്ചത്. സംഘര്‍ഷമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ ഇരുവരും രാജിവെയ്ക്കുകയായിരുന്നു. അതേസമയം സംഘര്‍ഷത്തിനിടയാക്കിയ വസ്തുതകള്‍ പരിശോധിക്കാന്‍ ഉപപ്രധാനമന്ത്രി സലേ അല്‍ മുത്ലാഗിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

സുന്നി വിഭാഗം കുറച്ചുകാലമായി പ്രതിഷേധത്തിലാണെങ്കിലും സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും രൂക്ഷമായ സംഘര്‍ഷമാണ് ചൊവ്വാഴ്ചയുണ്ടായതെന്ന് പ്രാദേശിക വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തങ്ങളോട് വേര്‍തിരിവ് കാട്ടുന്നുവെന്ന് ആരോപിച്ചാണ് സുന്നി വിഭാഗക്കാര്‍ പ്രതിഷേധം നടത്തുന്നത്. ഷിയ വിഭാഗത്തില്‍ പെട്ട പ്രധാനമന്ത്രി നൂറി അല്‍ മാലിക് രാജിവെയ്ക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

എന്നാല്‍ ആരോപണം നിഷേധിക്കുന്ന സര്‍ക്കാര്‍ പ്രതിഷേധക്കാര്‍ തീാവ്രവാദികളാല്‍ സ്വാധീനിക്കപ്പെട്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടുന്നു. ഇറാക്കിലെ സുന്നി മേധാവിത്വ മേഖലകളിലെല്ലാം പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.