കുറുമ്പയുടെ 'കൊതി'ക്ക് പൊന്നുംവില
Tuesday, April 23, 2013 5:20 PM IST
തൃപ്പൂണിത്തുറ: ചരിത്രസ്മാരകമായ പൊന്നും വിലയുള്ള കല്‍കുറ്റി(കൊതി) ക്ക് കണ്ണിമയ്ക്കാതെ കാവലാണ് കുറുമ്പ. ആറടി നീളവും മൂന്നടി വീതിയുമുള്ള ഇതിന് ലക്ഷങ്ങളാണ് വില. ഉദയംപേരൂര്‍ കുറുപ്പംകണ്ടത്തില്‍ കുറുമ്പയുടെ വീട്ടുമുറ്റത്താണ് രാജഭരണത്തിന്റെ രാജശാസനയുടെ ബാക്കി പത്രമായ കല്ല് നിധിപോലെ കാത്തു സൂക്ഷിക്കുന്നത്. രാജഭരണകാലത്ത് തിരുവിതാംകൂര്‍-കൊച്ചി രാജ്യങ്ങളെ വേര്‍തിരിച്ച അതിര്‍ത്തിക്കല്ലാണിത്.

തിരുവിതാംകൂറിനെ പ്രതിനിധീകരിച്ച് 'തി' എന്നും കൊച്ചിയെ സൂചിപ്പിച്ച് 'കൊ' എന്നും കല്ലിന്റെ ഇരുവശത്തും രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ കൊതിക്കല്ല് എന്നാണ് ഇത് അറിയപ്പെടുന്നത്. എഴുപത്തിയഞ്ച് കഴിഞ്ഞ കുറുമ്പ വാര്‍ധക്യ സഹജമായ അസുഖത്തെപോലും അവഗണിച്ച് ഇന്നും വീട്ടുമുറ്റത്തെ കല്ലിനെ ഒരു നിധിപോലെ സംരക്ഷിക്കുന്നു. രാജ്യാതിര്‍ത്തി അബദ്ധത്തില്‍ ലംഘിച്ചാല്‍ പോലും നുഴഞ്ഞ് കയറ്റമായി കരുതി രാജ്യഭടന്മാര്‍ പിടികൂടിയിരുന്ന കാലം കുറുമ്പ ഇന്നും ഭീതിയോടെ ഓര്‍ക്കുന്നു. വീടിന് തൊട്ടടുത്ത ഇല്ലത്തുപറമ്പില്‍ കരം പിരിച്ചിരുന്ന ചൌക്കയം കാവല്‍ക്കാരും എപ്പോഴും ജാഗ്രതയോടെ കാവല്‍ നിന്നിരുന്നു. അതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ ഇവിടെ പിഴ ഈടാക്കിയിരുന്നത് ഇന്നും കുറുമ്പ ഓര്‍ക്കുന്നു.

അന്നു കൊച്ചിയുടെ വ്യാപാര കേന്ദ്രം വീടിന് തൊട്ടടുത്തുള്ള പുതിയകാവിലായിരുന്നു. തിരുവിതാംകൂറിന്റെ പ്രജകളായ കുറുമ്പയുടെ കുടുംബത്തിന് പക്ഷെ വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങണമെങ്കില്‍ തെക്ക് മൂന്നു മൈല്‍ അകലെയുള്ള തിരുവിതാംകൂറിന്റെ പാണ്ടികശാലയായ മാങ്കായിക്കടവില്‍ പോകണമായിരുന്നു. തൊട്ടടുത്ത പുതിയകാവില്‍ നിന്നു അരി, ഉപ്പ്, പുകയില എന്നിവ വീട്ടിലെത്തിക്കണമെങ്കില്‍ ചൌക്കയില്‍ നികുതി ഒടുക്കണം. ചെറുപ്പത്തില്‍ പുതിയകാവില്‍ നിന്നു ഉപ്പുവാങ്ങി വീട്ടിലേക്ക് വരുമ്പോള്‍ ഭടന്മാര്‍ പിടികൂടിയത് കുറുമ്പ ഇന്നും ഓര്‍ക്കുന്നു. തൊണ്ടിയോടെയാണ് പിടിക്കപ്പെട്ടത്.
അന്ന് കാവല്‍ക്കാരെ വെട്ടിച്ച് ഉപ്പ് വലിച്ചെറിഞ്ഞ് ഓടിരക്ഷപ്പെടുകയായിരുന്നെന്ന് കുറുമ്പ പറഞ്ഞു.

രണ്ടു രാജ്യക്കാരും കുട്ടികളെ ഉപയോഗിച്ച് സാധനങ്ങള്‍ കടത്തുന്ന പതിവ് അന്നുണ്ടായിരുന്നു. കല്ലിന്റെ വിലയൊന്നും കുറുമ്പക്ക് അറിയില്ലെങ്കിലും അത് സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണെന്ന് അവര്‍ക്കറിയാം. ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടാതെ നശിച്ചും നശിപ്പിച്ചും മണ്ണടിയുമ്പോള്‍ പുതുതലമുറയ്ക്ക് വേണ്ടിയാണ് ഞാന്‍ നിധികാക്കുന്ന ഭൂതത്തെ പോലെ ഈ അതിര്‍ത്തിക്കല്ല് സംരക്ഷിക്കുന്നതെന്ന് കുറുമ്പ വിറയാര്‍ന്ന സ്വരത്തില്‍ പറഞ്ഞു, ഇതില്‍ ഞാന്‍ അഭിമാനിക്കുന്നു.