പൊതുപ്രവര്‍ത്തകര്‍ കോടതികളെപ്പോലെ നിഷ്പക്ഷരാകണം: മന്ത്രി തിരുവഞ്ചൂര്‍
Tuesday, April 23, 2013 4:42 PM IST
കോതമംഗലം: പൊതുപ്രവര്‍ത്തകര്‍ നീതിന്യായ കോടതികളെപ്പോലെ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുനിസിപ്പല്‍ കൌണ്‍സിലര്‍ പദവിയില്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ എ.ജി ജോര്‍ജിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകരിലുള്ള ജനവിശ്വാസം എക്കാലവും പൂര്‍ണമായി നിലനില്‍ക്കും. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ഭംഗിയായി നിറവേറ്റിയ എ.ജി ജോര്‍ജിനെപ്പോലുള്ളവര്‍ ഏവര്‍ക്കും മാതൃകയാണെന്നും മന്ത്രി പറഞ്ഞു. ടി.യു കുരുവിള എംഎല്‍എ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി ബാബു ആമുഖപ്രസംഗവും ഡിസിസി പ്രസിഡന്റ് വി.ജെ പൌലോസ് മുഖ്യപ്രഭാഷണവും നടത്തി. ബെന്നി ബഹന്നാന്‍ എംഎല്‍എ ഉപഹാരം സമര്‍പ്പിച്ചു.