തൊണ്ടയ്ക്കു സാരമായ പരിക്ക്; സര്‍നേവിനെ ചോദ്യം ചെയ്യാന്‍ എഫ്ബിഐക്ക് കഴിഞ്ഞില്ല
Sunday, April 21, 2013 2:03 AM IST
ബോസ്റ്റണ്‍: മൂന്നു പേര്‍ കൊല്ലപ്പെടുകയും 180 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബോസ്റ്റണ്‍ ഇരട്ട സ്ഫോടനക്കേസില്‍ ജീവനോടെ പിടിക്കപ്പെട്ട പ്രതി സോക്കര്‍ ത്സര്‍നേവിനെ ചോദ്യം ചെയ്യാന്‍ എഫ്ബിഐക്ക് കഴിഞ്ഞില്ല. വെടിവയ്പ്പില്‍ തൊണ്ടയ്ക്കേറ്റ ഗുരുതര പരുക്കുമൂലം ത്സര്‍നേവിന് സംസാരിക്കാന്‍ കഴിയാത്തതാണ് കാരണം. ഇയാളുടെ നില ഗുരുതരമാണെങ്കിലും സ്ഥിതി വഷളായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

രണ്ടു ഗുരുതരമായ മുറിവുകളാണ് ത്സോക്കര്‍ക്കുള്ളത്. ധാരാളം രക്തം വാര്‍ന്നു പോയതും അവസ്ഥ മോശമാകാന്‍ കാരണമായതായി പോലീസ് അറിയിച്ചു. വായില്‍ തോക്കു വച്ച് വെടിവച്ചതാകാം തൊണ്ടിയിലേറ്റ പരുക്കിനു കാരണമെന്ന് ഡോക്ടര്‍മാര്‍ അനുമാനിക്കുന്നു. പോലീസ് പിടിയിലാകാതെ ആത്മഹത്യ ചെയ്യാനായിരിക്കാം ഇയാള്‍ ശ്രമിച്ചതെന്നു കരുതുന്നു. എന്നാല്‍ ഇയാള്‍ പൂര്‍ണ ബോധമുണ്ട്. ചുറ്റുപാടുമുള്ളത് തിരിച്ചറിയാന്‍ ഇയാള്‍ക്ക് കഴിയുന്നുണ്െടന്നും ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി.

അതിനിടെ ബോട്ടില്‍ ഒളിച്ചിരുന്ന ത്സര്‍നേവിന്റെ ചിത്രങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടു. അതീവ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ഇയാള്‍ ബോട്ടില്‍ കഴിഞ്ഞിരുന്നതെന്ന് ചിത്രങ്ങളില്‍നിന്നു വ്യക്തമാണ്. അടുത്തിടെ ത്സോക്കറും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജ്യേഷ്ഠനും ചേര്‍ന്നു റഷ്യയിലെ മുസ്ളിം മേഖലകളിലേക്കു നടത്തിയ യാത്രയും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്.