അഞ്ചാം മാസത്തില്‍ 600 ഗ്രാം തൂക്കവുമായി കുഞ്ഞ്; ഷഹീന് എല്ലാം സ്വപ്നം പോലെ
Sunday, April 21, 2013 12:49 AM IST
അഹമ്മദാബാദ്: ഗര്‍ഭപാത്രത്തില്‍നിന്നു ഫ്ളൂയിഡ് നഷ്ടപ്പെട്ട് കുഞ്ഞിന്റെ ജീവന്‍ അപകടത്തിലായ അമ്മയ്ക്ക് ഏറെ പ്രതിബന്ധങ്ങള്‍ക്കൊടുവില്‍ പൂര്‍ണാരോഗ്യവാനായ കുഞ്ഞിനെ മടക്കി ലഭിച്ചത് അത്ഭുതമായി. ഗുജറാത്ത് സ്വദേശിയും ജിദ്ദയില്‍ താമസിക്കാരിയുമായ ഷഹീന്‍ അഹമ്മദിനാണ് സൌദിയിലെ ആശുപത്രി അധികൃതര്‍ കൈയൊഴിഞ്ഞപ്പോള്‍ നാട്ടിലെ ആശുപത്രി രക്ഷയേകിയത്. നാടകീയമായ ഒരുപിടി സംഭവങ്ങള്‍ക്കൊടുവില്‍ ജീവനോടെ ലഭിച്ച കുഞ്ഞിനെ മാറോട് അടക്കിപ്പിടിച്ച് പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഷഹീന് എല്ലാം ദൈവത്തിന്റെ കാരുണ്യം എന്നു മാത്രമേ ചിന്തിക്കാന്‍ കഴിയുന്നുള്ളൂ.

ഷഹീന്റെ ഭര്‍ത്താവ് സൌദിയിലെ മോളുകളിലൊന്നില്‍ എഞ്ചിനിയറാണ്. ഗര്‍ഭം ധരിച്ചത് സൌദിയില്‍ വച്ചാണ്. എന്നാല്‍ അധികം വൈകാതെ അപൂര്‍വമായൊരു പ്രതിസന്ധി ഉടലെടുത്തു. ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് കിടക്കുന്ന അമ്നിയോട്ടിക് ഫ്ളൂയിഡ് നഷ്ടപ്പെടുന്ന അവസ്ഥ ആരംഭിച്ചു. വിവിധ ആശുപത്രികളില്‍ പരിശോധിപ്പിച്ചിട്ടും ഇതിനു പരിഹാരം കാണാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും കുഞ്ഞിന്റെ വളര്‍ച്ച 22 ആഴ്ചയില്‍ എത്തിയിരുന്നു.

അഞ്ച് ആശുപത്രികളില്‍ എത്തിയെങ്കിലും ആരും ഷഹീനെ അഡ്മിറ്റ് ചെയ്യാന്‍ തയാറായില്ല. കുട്ടിയെ രക്ഷപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു ആശുപത്രി അധികൃതര്‍ എല്ലാവരും പറഞ്ഞത്. മൂന്നാഴ്ച തുടര്‍ച്ചയായി ഫ്ളൂയിഡ് നഷ്ടപ്പെട്ടിരുന്നു. കുട്ടി ജീവനോടെ ജനിച്ചാല്‍ ചികിത്സിക്കാന്‍ സൌകര്യമില്ലെന്നായിരുന്നു ആശുപത്രികളുടെ പക്ഷം.

ഇതോടെ ഷഹീന്‍ അന്വേഷണം ഇന്ത്യയിലേക്കു മാറ്റി. കച്ചില്‍ താമസിച്ചിരുന്ന മാതാപിതാക്കളോട് ഇക്കാര്യം ആവശ്യപ്പെട്ടു. അവര്‍ നടത്തിയ അന്വേഷണത്തില്‍ അപ്പോളോ ആശുപത്രിയിലെ ഡോ. ഷേരു സമിന്ദറിനെ കണ്െടത്തി. അപ്പോഴും മറ്റൊരു പ്രശ്നം ഉടലെടുത്തു. ഫ്ളൂയിഡ് നഷ്ടപ്പെടുന്ന അവസ്ഥയില്‍ ഷഹീന് ടിക്കറ്റ് നല്‍കാന്‍ വിമാനക്കമ്പനികള്‍ തയാറായില്ല. ഇതോടെ ഗര്‍ഭിണിയല്ലെന്ന തെറ്റായ വിവരം നല്‍കി അവര്‍ ടിക്കറ്റ് ഒപ്പിച്ചു.

ആശുപത്രിയില്‍ എത്തിയതിനു പിന്നാലെ ഷഹീന് രക്തസ്രാവം തുടങ്ങി. ഇതോടെ കുട്ടിയെ സിസേറിയനിലൂടെ പുറത്തെടുക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു. അങ്ങനെ 22 ആഴ്ച മാത്രം പ്രായമുള്ളപ്പോള്‍ 'ഷാഫി' ഭൂമിയില്‍ പിറവിയെടുത്തു. അത്ഭുതമെന്നു പറയട്ടെ വെറും 600 ഗ്രാം മാത്രം ഭാരമുണ്ടായിരുന്ന കുട്ടിയുടെ ജീവന്‍ രക്ഷപ്പെടുത്താനും ഡോകട്ര്‍മാര്‍ക്ക് കഴിഞ്ഞു.

മൂന്നു മാസത്തോളം ഡോക്ടര്‍മാരുടെ പരിചരണത്തില്‍ ഇന്‍കുബേറ്ററിലായിരുന്ന ഷാഫി. ഇപ്പോള്‍ അവന് ഭാരം 1.5 കിലോ. 'സുഖപ്പെടുത്തല്‍' എന്നാണ് ഷാഫി എന്ന വാക്കിനര്‍ഥം. തന്റെ മാസങ്ങളോളം നീണ്ട വേദന സുഖപ്പെടുത്തിയ കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തു ലാളിക്കുമ്പോള്‍ ഷഹീന്‍ നന്ദി പറയുന്നത് ഡോക്ടര്‍മാര്‍ക്കു മാത്രമല്ല, പരമ കാരുണ്യവാനായ ദൈവത്തിനു കൂടിയാണ്.

ഷഹീന്റെ ജീവിതത്തില്‍ ഇത് ആദ്യത്തെ അനുഭവമല്ല. മുന്‍പ് വിവാഹം നടന്നതും സമാനമായൊരു ദൈവീക ഇടപെടലിലൂടെയാണ്. അവിവാഹിതയായ ഷഹീനുമായി മാതാപിതാക്കള്‍ ഹജിനു പോയിയിരുന്നു. മകള്‍ക്ക് നല്ലൊരു ഭര്‍ത്താവിനെ ലഭിക്കണമെന്നായിരുന്നു പ്രാര്‍ഥന. ഇതിനു മാസങ്ങള്‍ക്കു ശേഷം മാളിലെത്തി ഷോപ്പിംഗ് നടത്തുമ്പോഴാണ് ഒരു യുവാവിനെ കണ്ടുമുട്ടുന്നത്. പരിചയപ്പെട്ടു, പരസ്പരം ഫോണ്‍ നമ്പര്‍ കൈമാറുകയും ചെയ്തു. പിന്നെ വിവാഹം പിന്നീട് അധികം വൈകിയില്ല., പറയുമ്പോള്‍ അവരുടെ കവിളുകള്‍ ചുവന്നു തുടുക്കുന്നു...