സുപ്രീം കോടതി വിധിക്കെതിരേ സഞ്ജയ് ദത്ത് റിവ്യൂ പെറ്റീഷന്‍ നല്‍കി
Saturday, April 20, 2013 10:24 PM IST
മുംബൈ: അനധികൃതമായി ആയുധം കൈവശം വച്ച കേസില്‍ അഞ്ചു വര്‍ഷത്തെ തടവിനു ശിക്ഷിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരേ നടന്‍ സഞ്ജയ് ദത്ത് സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു. മാര്‍ച്ച് 21ന് സുപ്രീം കോടതി തന്നെ നടത്തിയ വിധി പ്രസ്താവത്തിനെതിരേയാണ് ദത്ത് ഹര്‍ജി നല്‍കിയിട്ടുള്ളത്.

ഡല്‍ഹി കേന്ദ്രീകരിച്ചുള്ള അഭിഭാഷകരുടെ സംഘമാണ് ഹര്‍ജി തയാറാക്കിയത്. അടുത്ത ആഴ്ച ആദ്യം ശിക്ഷ വിധിച്ച അതേ ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും. ടാഡ കോടതി വിധിച്ച ആറു വര്‍ഷത്തെ ശിക്ഷ അഞ്ചു വര്‍ഷമായി കുറയ്ക്കുക മാത്രമാണ് സുപ്രീം കോടതി ചെയ്തത്. മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ടുള്ള തീവ്രവാദി കേസില്‍നിന്ന് ദത്തിനെ മുന്‍പ് വിചാരണ കോടതി ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് അനധികൃതമായി ആയുധം കൈവശം വച്ചുവെന്ന വകുപ്പിലാണ് ദത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.