ഇന്ത്യക്കാരിക്കു ലണ്ടനില്‍ അടിമപ്പണിയും ലൈംഗിക പീഡനവും
Saturday, April 20, 2013 7:19 PM IST
ലണ്ടന്‍: ഹൈദരാബാദ് സ്വദേശിയായ 40കാരിക്കു ലണ്ടനില്‍ അടിമപ്പണിക്കും ലൈംഗിക പീഡനത്തിനും ഇരയാക്കിയിരുന്നതായി ബ്രിട്ടിഷ് പത്രം. വീട്ടുജോലിക്കായി ലണ്ടനില്‍ എത്തിയ സ്ത്രീക്കു മൂന്നു വീട്ടുകാരില്‍ നിന്നായി ക്രൂര പീഡനമാണ് നേരിടേണ്ടി വന്നത്. 2005ല്‍ നേത്രരോഗ വിദഗ്ധയുടെ അടുത്താണ് യുവതി ആദ്യം എത്തിയത്. വീട്ടുടമയായ ഷമിന ചായക്കപ്പു വലിച്ചെറിഞ്ഞതിനെ തുടര്‍ന്നു കാലിന് പരിക്കേറ്റ ഇവരെ 2006 ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം പോലീസില്‍ അറിയിച്ചില്ലെന്നും പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.

തുടര്‍ന്നു ഇറച്ചി വ്യാപാരിയായ എന്‍കാര്‍തയുടെ അടുത്തു ജോലിക്കായി എത്തിയ സ്ത്രീയെ ഇയാള്‍ ക്രൂരബലാല്‍സംഗത്തിനിരയാക്കിയിരുന്നു. ഇവര്‍ക്കു പഴകിയ ഭക്ഷണമാണ് നല്‍കിയിരുന്നത്. തുടര്‍ന്നു ഇവര്‍ ഒരു ഐടി ജിവനക്കാരിയുടെ വീട്ടല്‍ ജോലിക്കു കയറി. മൂന്നു വീടുകളിലും അടിമയെപ്പോലെയാണ് സ്ത്രീയെ ജോലി ചെയ്യിപ്പിച്ചിരുന്നതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

12 തവണ രക്ഷപ്പെടാന്‍ശ്രമിച്ചെങ്കിലും പാസ്പോര്‍ട്ടു പിടിച്ചുവച്ചിരുന്നതിനാല്‍ പോലീസ് ഇവരെ പഴയ വീട്ടിലെക്കു തിരിച്ചയ്ക്കുകയായിരുന്നു. ഒരു തവണ ഇവരുടെ പരാതി പോലീസിനോടു വിവര്‍ത്തനം ചെയ്യാന്‍ എത്തിയത് പ്രതികള്‍ ഏര്‍പ്പെടുത്തിയ ആള്‍ ആയിരുന്നു. ഇന്ത്യയിലെ മറ്റുള്ളവരെപ്പോലെ തന്നെ ഇവരും കള്ളം പറയുകയാണെന്നു വിവര്‍ത്തകന്‍ അന്ന് പോലീസിനോടു പറഞ്ഞു.

സംഭവത്തില്‍ പോലീസ് കഴിഞ്ഞ ദിവസം മൂന്നു പേരെ അറസ്റു ചെയ്തു. കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഇവരുടെ കേസ് കോടതിയില്‍ എത്തിച്ചത്. ഇപ്പോള്‍ ഇവരുടെ കേസ് ക്രോയ്ഡന്‍ ക്രൌണ്‍ കോടതിയുടെ പരിഗണയിലാണെന്നു പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.