കടുത്തുരുത്തി ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ കേരള പുരസ്കാരം ഏറ്റുവാങ്ങി
Saturday, April 20, 2013 5:21 PM IST
കടുത്തുരുത്തി: ആരോഗ്യരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആരോഗ്യ കേരള പുരസ്കാരം 2012-2013 അവാര്‍ഡ് കടുത്തുരുത്തി ബ്ളോക്ക് പഞ്ചായത്ത് അധികൃതര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍നിന്നും ഏറ്റുവാങ്ങി.

അഞ്ചുലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന സമ്മേളനത്തില്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലിയും വൈസ് പ്രസിഡന്റ് അമ്പിളി സോമനും സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ വി.എം. പോളും സ്റീഫന്‍ പനങ്കാലയും മറ്റു മെമ്പര്‍മാരും ചേര്‍ന്നാണ് മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങിയത്.

ആരോഗ്യരംഗത്തു കേരളം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനു മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണു പുരസ്കാരം. കഴിഞ്ഞ പദ്ധതിക്കാലത്തു നടത്തിയ ആരോഗ്യ പദ്ധതികള്‍, വികസന പദ്ധതികള്‍, പദ്ധതി വിഹിത വിനിയോഗം, പരിപാടികളിലെ ജനപങ്കാളിത്തം, രോഗപ്രതിരോധ നിയന്ത്രണരംഗത്തെ നേട്ടങ്ങള്‍ എന്നീ ഘടകങ്ങളാണു പുരസ്കാരത്തിനു വിലയിരുത്തിയത്.

പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടികളിലൂടെയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും കൈവരിച്ച നേട്ടങ്ങള്‍, വിവിധ ആരോഗ്യ പദ്ധതികള്‍, സൌജന്യ കാന്‍സര്‍ പരിശോധന അടക്കമുള്ള ക്യാമ്പുകള്‍ തുടങ്ങി വിവിധ മാനദണ്ഡങ്ങളാണ് ബ്ളോക്ക് പഞ്ചായത്തിനെ അവാര്‍ഡിനര്‍ഹമാക്കിയതെന്നു പ്രസിഡന്റ് സഖറിയാസ് കുതിരവേലി പറഞ്ഞു.

കോട്ടയം ജില്ലയില്‍നിന്നും അവാര്‍ഡ് നേടിയ ഏക തദ്ദേശീയ സ്ഥാപനവും കടുത്തുരുത്തി ബ്ളോക്ക് പഞ്ചായത്താണ്. ബ്ളോക്ക് പഞ്ചായത്തുകളുടെ ഗണത്തില്‍ രണ്ടാം സ്ഥാനമാണ് കടുത്തുരുത്തിക്ക് ലഭിച്ചത്. ഉല്‍പാദന, സേവന, പശ്ചാത്തല മേഖലകളില്‍ നിരവധിയായ പദ്ധതികളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബ്ളോക്ക് നടപ്പാക്കിയത്. ഇതോടൊപ്പം നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ബ്ളോക്ക് പഞ്ചായത്ത് മുന്‍ഗണന നല്‍കിയിരുന്നു. ക്ഷീരസംഘങ്ങള്‍ വഴി അഞ്ച് പേരടങ്ങുന്ന വനിത ഗ്രൂപ്പ് രൂപികരിച്ചു കറവപശുക്കളെ വാങ്ങി നല്‍കാനും ബ്ളോക്ക് പഞ്ചായത്തിനായി.

വികലാംഗര്‍ക്കായി ആട് വളര്‍ത്തല്‍ പദ്ധതിയും പട്ടികജാതി വിഭാഗത്തില്‍പെട്ട ഭവനരഹിതര്‍ക്ക് വീടുകളും നിര്‍മിച്ചു നല്‍കിയിരുന്നു. ഭവനങ്ങള്‍ പുനരുദ്ധരിക്കുന്നതിനും കോളനികളുടെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സമ്പൂര്‍ണ ശുചിത്വ പദ്ധതി, കുടിവെള്ള പദ്ധതികള്‍, ഗ്രാമീണ റോഡുകള്‍, നെല്‍കര്‍ഷകര്‍ക്ക് വിത്തും വളവും നല്‍കല്‍ തുടങ്ങി വിവിധ വികസന പ്രവര്‍ത്തനങ്ങളും കഴിഞ്ഞ സാമ്പത്തിക വര്‍ഷം കടുത്തുരുത്തി ബ്ളോക്ക് പഞ്ചായത്ത് നടപ്പാക്കിയിരുന്നു.