ബംഗ്ളാദേശ് സ്വദേശികളെപ്പറ്റി ഐബി അന്വേഷണം
Saturday, April 20, 2013 4:02 PM IST
കൊച്ചി: ദുരൂഹസാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയ ബംഗ്ളാദേശ് സ്വദേശികളെപ്പറ്റി ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ പിടിയിലായ മുഹമ്മദ് ഖാലിമിനെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആവശ്യപ്രകാരം കൊച്ചി പോലീസ് ചോദ്യം ചെയ്തു. മനുഷ്യക്കടത്തിന്റെ പേരില്‍ പിടിയിലായ ഇയാളെ വെള്ളിയാഴ്ച രാത്രി മുതലാണു ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. ചോദ്യം ചെയ്യല്‍ ഇന്നലെ വൈകിയും തുടരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ട ബംഗ്ളാദേശികളെക്കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എറണാകുളം റേഞ്ച് ഐജി കെ. പത്മകുമാര്‍ അറിയിച്ചു. കഴിഞ്ഞ 12-നാണ് മുഹമ്മദ് ഖാലിമിനെ പോലീസ് പിടികൂടിയത്. വ്യാജരേഖകളുടെ മറവില്‍ 11 ബംഗ്ളാദേശികളെ കൊച്ചിയില്‍ എത്തിച്ചതിനായിരുന്നു അറസ്റ്. ഇയാളുടെ പക്കല്‍ നിന്നും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് പോലീസ് കണ്െടത്തിയിരുന്നു.

ഏഴുവര്‍ഷമായി കൊച്ചി നഗരത്തില്‍ ആക്രികച്ചവടം നടത്തുന്ന മുഹമ്മദ് ഖാലിമിന് ഡല്‍ഹിയില്‍ സ്വന്തമായി ആഡംബരവാഹനവും വസതിയുമുണ്ട്. ഇയാള്‍ വഴിയെത്തിയ ദേശവിരുദ്ധ ബന്ധമുളള ചില ബംഗ്ളാദേശികളെയാണ് ദിവസങ്ങളായി കേന്ദ്ര ഐബി എറണാകുളത്തു തിരയുന്നത്. ബംഗ്ളാദേശികളെക്കുറിച്ചു സംസ്ഥാന പോലീസും അന്വേഷണം നടത്തുന്നുണ്ട്. ബംഗാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂരിലും ജില്ലയിലെ വിവിധ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുമാണ് ഐബിയുടെ അന്വേഷണം പുരോഗമിക്കുന്നത്.