ഹരാരെ ടെസ്റില്‍ സിംബാബ്വെയ്ക്ക് ജയം
Saturday, April 20, 2013 11:23 AM IST
ഹരാരെ: ബംഗ്ളാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ സിംബാബ്വെയ്ക്ക് കൂറ്റന്‍ ജയം. 335 റണ്‍സിനാണ് സിംബാബ്വെ സന്ദര്‍ശകരെ തകര്‍ത്തത്. രണ്ടു ഇന്നിംഗ്സിലും സെഞ്ചുറി നേടി വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച ക്യാപ്റ്റന്‍ ബ്രണ്ടന്‍ ടെയ്ലറാണ് കളിയിലെ താരം. ആദ്യ ഇന്നിംഗ്സില്‍ 171 റണ്‍സ് നേടിയ ടെയ്ലര്‍ രണ്ടാം ഇന്നിംഗ്സില്‍ 102 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ബംഗ്ളാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 147 റണ്‍സില്‍ അവസാനിച്ചു. 40 റണ്‍സ് നേടിയ മുഹമ്മദ് അഷ്റഫുളാണ് ടോപ്പ് സ്കോറര്‍. നാല് വിക്കറ്റ് നേടിയ ഗ്രയിം ക്രീമറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ കെയ്ല്‍ ജാര്‍വിസുമാണ് ബംഗ്ളാദേശ് നിരയെ തകര്‍ത്തത്. നേരത്തെ ബംഗ്ളാദേശിന്റെ ഒന്നാം ഇന്നിംഗ്സ് 134 റണ്‍സില്‍ അവസാനിച്ചിരുന്നു. ടെയ്ലറുടെ സെഞ്ചുറിയുടെ മികവില്‍ സിംബാബ്വെ ആദ്യ ഇന്നിംഗ്സില്‍ 389 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 227 റണ്‍സും നേടി.