സഹോദരിയെ മാനഭംഗപ്പെടുത്തിയ ആളെ പെണ്‍കുട്ടിയുടെ സഹോദരന്‍ തല്ലിക്കൊന്നു
Saturday, April 20, 2013 10:42 AM IST
ജയ്പൂര്‍: സഹോദരിയെ മാനഭംഗപ്പെടുത്തിയ ആളെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരന്‍ തല്ലിക്കൊന്നു. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ നിന്ന് 250 കിലോമീറ്റര്‍ അകലയുള്ള ഭില്‍വാരയിലെ സുഭാഷ് നഗറിലാണ് സംഭവം.

22-കാരിയായ പെണ്‍കുട്ടിയെ ശങ്കര്‍ ലാല്‍ എന്നയാള്‍ ഒരാഴ്ച മുന്‍പാണ് തട്ടിക്കൊണ്ടുപോയത്. രണ്ട് ദിവസം തടവില്‍ പാര്‍പ്പിച്ച് ഇയാള്‍ പെണ്‍കുട്ടിയെ പലവട്ടം പീഡിപ്പിക്കുകയായിരുന്നു. രക്ഷപെട്ട് പുറത്തെത്തിയ പെണ്‍കുട്ടി ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയെ തടവില്‍ പാര്‍പ്പിക്കാന്‍ ശങ്കര്‍ ലാലിന് സഹായം നല്‍കിയ ജഗദീഷ് എന്നയാളെ പോലീസ് അറസ്റ് ചെയ്തിരുന്നു.

ശങ്കര്‍ ലാലിനെ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കെയാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ ഇയാളെ തല്ലിക്കൊന്നതായി വീട്ടുകാര്‍ വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ സഹോദരന്‍ ശ്യാം ലാലിനെ പോലീസ് അറസ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ ശ്യാം ലാല്‍ ശങ്കറിനെ തട്ടിക്കൊണ്ടുപോകുകയും മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് ശങ്കറിന്റെ വീട്ടുകാര്‍ പറയുന്നത്.