ഐപിഎല്‍ പൂരത്തിനു കൊടിയേറി
Tuesday, April 2, 2013 10:06 AM IST
കോല്‍ക്കത്ത: കുട്ടിക്ക്രിക്കറ്റിന്റെ ആവേശപ്പൂരത്തിനു കൊടിയേറി. കോല്‍ക്കത്തയിലെ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഐപിഎലിന്റെ ആറാം പതിപ്പിന്റെ ഉദ്ഘാടനം നടന്നത്. താരപ്പകിട്ടാര്‍ന്ന ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ നേതൃത്വത്തില്‍ ബോളിവുഡ് താരങ്ങളായ ദീപിക പദൂക്കോണ്‍, കത്രീന കൈഫ്, അന്താരാഷ്ട്ര റാപ്പ് താരം പിറ്റ്ബുള്‍ എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

രാത്രി എട്ടിന് ആരംഭിച്ച ചടങ്ങുകള്‍ 10 വരെ നീണ്ടു. 1,20,000-ത്തോളം പേരാണ് ഉദ്ഘാടനചടങ്ങ് വീക്ഷിക്കാന്‍ സ്റേഡിയത്തിലെത്തിയിരുന്നത്. ഉഷ ഉതുപ്പ്, ബാപ്പി ലഹ്്്രി എന്നിവരും ഉദ്ഘാടനചടങ്ങുകള്‍ക്ക് ആവേശം പകര്‍ന്നു. മുന്നൂറു പേരടങ്ങുന്ന നര്‍ത്തകരും വര്‍ണങ്ങള്‍ വാരിവിതറിയ കരിമരുന്നു പ്രകടനവും ചടങ്ങിന് മാറ്റു കൂട്ടി. എല്ലാ ടീമുകളുടെയും ക്യാപ്റ്റന്മാരും ചടങ്ങിനെത്തിയിരുന്നു.

ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ നേരിടും. രാത്രി എട്ടിനാണ് മത്സരം.