അംബാനി സഹോദരന്മാര്‍ ഒന്നിക്കുന്നു
Tuesday, April 2, 2013 8:15 AM IST
ന്യൂഡല്‍ഹി: ഏറെക്കാലത്തെ അകല്‍ച്ചയ്ക്കു ശേഷം കോടീശ്വര സഹോദരന്മാരായ മുകേഷ് അംബാനിയും അനില്‍ അംബാനിയും ഒന്നിക്കുന്നു. ടെലികോം മേഖലയിലേക്കു കടക്കുന്ന മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്റര്‍കോം കമ്പനി ആരംഭിക്കുന്ന 4ജി ബ്രോഡ്ബാന്‍ഡ് സേവനത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. ഇതിനായി അനുജന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഫൈബര്‍ നെറ്റ്വര്‍ക്ക്് ഉപയോഗിക്കും.

1200 കോടി രൂപയുടെ കരാറാണ് റിലയന്‍സ് ജിയോ ഇന്റര്‍ കോമും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും തമ്മില്‍ ഒപ്പുവയ്ക്കുന്നത്. പരസ്പര പൂരകമായ ഈ കരാര്‍ അനുസരിച്ച് ഇരു കമ്പനികള്‍ക്കും ഒരേ നെറ്റ്വര്‍ക്കും ടവറുകളും മറ്റ് ആസ്തികളും പങ്കുവയ്ക്കാനാകും. റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ 1,20,000 കിലോമീറ്ററിന്റെ ഫൈബര്‍ നെറ്റ്വര്‍ക്കാണ് ഇതിനായി ഉപയോഗിക്കുന്നത്. സ്വന്തമായി നെറ്റ്വര്‍ക്ക് തുടങ്ങാനുള്ള കാലതാമസം മൂലമാണിത്.

സഹോദരങ്ങള്‍ തമ്മിലുണ്ടായ സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് 2005-ലാണ് റിലയന്‍സ് കമ്പനി വിഭജിച്ചത്. അതേസമയം അംബാനി സഹോദരന്മാരുടെ ഒന്നിക്കല്‍ ഇന്ത്യന്‍ ഓഹരിവിപണിക്കു പുത്തന്‍ ഉണര്‍വു നല്കിയിട്ടുണ്ട്. റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ ഓഹരിവിലയില്‍ 10.86 ശതമാനത്തിന്റെ കുതിപ്പാണ് രേഖപ്പെടുത്തിയത്. 63.30 രൂപയില്‍ വിപണി ക്ളോസ് ചെയ്തു.