കോളജ് വിദ്യാര്‍ഥിനിയുടെ 10 പവന്‍ തട്ടിയെടുത്ത പ്രതി അറസ്റില്‍
Tuesday, April 2, 2013 7:51 AM IST
കോട്ടയം: മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട് കോളജ് വിദ്യാര്‍ഥിനിയുടെ 10 പവന്‍ ആഭരണം തട്ടിയെടുത്ത കേസിലെ പ്രതിയെ വെസ്റ് പോലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ കലവൂര്‍ സ്വദേശി റോബിനാ (26) ണു പിടിയിലായത്. ചെങ്ങളം സ്വദേശിനിയായ കോളജ് വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്കി കബളിപ്പിച്ച് ആഭരണം തട്ടിയെടുത്തു വെന്നാണു പരാതി.

യുവതിയുടെ 10 പവന്‍ ആഭരണം പണയം വയ്ക്കാന്‍ വാങ്ങിയ റോബിന്‍. പിന്നീട് തിരികെ നല്കിയത് ഇതെ രീതിയിലുള്ള മുക്കുപണ്ടമായിരുന്നു. എന്നാല്‍ പിന്നീട് റോബിനെ പല തവണ ഫോണില്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ യുവതി, റോബിന്‍ തിരികെ നല്കിയ ആഭരണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടം നല്കി തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് മനസിലായത്.

തുടര്‍ന്നു വെസ്റ് പോലീസില്‍ പരാതി നല്കുകയായിരുന്നു. ഏതാനും മാസം മുമ്പാണ് റോബിന്‍ യുവതിയെ പരിചയപ്പെട്ടത്. വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്തെങ്കിലും ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന് പിന്നീടാണ് യുവതി അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇന്ന് പോലീസ് റോബിനെ ചോദ്യം ചെയ്യും. കൂടുതല്‍ പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്േടായെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. പെണ്‍കുട്ടികളെ പരിചയപ്പെട്ട് പീഡിപ്പിക്കുന്ന സംഘത്തില്‍പ്പെട്ടയാളാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.