ബിലാവല്‍ പാക്കിസ്ഥാനില്‍ മടങ്ങിയെത്തി; തെരഞ്ഞെടുപ്പു പ്രചാരണം നയിക്കില്ല
Tuesday, April 2, 2013 6:30 AM IST
കറാച്ചി: ഒരാഴ്ചയായി ദുബായിലായിരുന്ന പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ പാക്കിസ്ഥാനില്‍ മടങ്ങിയെത്തി. പക്ഷേ മേയില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചാരണപരിപാടികളില്‍ ബിലാവല്‍ നേതൃത്വം നല്കില്ലെന്നാണ് റിപ്പോര്‍ട്ട്.

പിതാവും പാക് പ്രസിഡന്റുമായ ആസിഫ് അലി സര്‍ദാരിയുമായി പാര്‍ട്ടി കാര്യങ്ങള്‍ സംബന്ധിച്ചുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് ബിലാവല്‍ ദുബായിലേക്കു പോയത്. തുടര്‍ന്ന് സര്‍ദാരിയും ദുബായിലെത്തിയിരുന്നു. ബിലാവലിനെ അനുനയിപ്പിച്ചു പാക്കിസ്ഥാനിലേക്കു മടക്കി കൊണ്ടുവരാനായിരുന്നു സര്‍ദാരിയുടെ ദുബായ് യാത്രയെന്നാണ് സൂചന.