ബാംഗളൂരില്‍ കൊല്ലപ്പെട്ട മലയാളി വൈദികന്റെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും
Tuesday, April 2, 2013 5:27 AM IST
ഏറ്റുമാനൂര്‍: ബാംഗളൂരില്‍ അക്രമികള്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ ബാംഗളൂര്‍ മല്ലേശ്വരം സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍ റവ. ഡോ. കെ.ജെ. തോമസിന്റെ (63) മൃതദേഹം ബുധനാഴ്ച വൈകുന്നേരം നാട്ടിലെത്തിക്കും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് ഏറ്റുമാനൂര്‍ കൊടുവത്താനം സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്ക പള്ളിയില്‍ മൃതദേഹം സംസ്കരിക്കും.
നാളെ വൈകുന്നേരം നാട്ടിലെത്തിക്കുന്ന മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. വ്യാഴാഴ്ച വൈകുന്നേരമോ വെള്ളിയാഴ്ച രാവിലെയോ മാത്രമേ മൃതദേഹം വീട്ടിലെത്തിക്കുകയുള്ളു. ബാംഗളൂരിലേക്കു പോയ അടുത്തബന്ധുക്കള്‍ തിരിച്ചെത്തിയശേഷം ഇന്നു വൈകുന്നേരമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ.

ഏറ്റുമാനൂര്‍ വള്ളിക്കാട് പഴയംപള്ളില്‍ കുടുംബാംഗമായ ഫാ. കെ.ജെ. തോമസ് ഊട്ടി രൂപതയ്ക്കുവേണ്ടിയാണു പൌരോഹിത്യം സ്വീകരിച്ചത്. മിഷണറി വൈദികനായ ഫാ. തോമസ് ജന്മനാടും മാതൃദേവാലയവുമായി എന്നും ഉറ്റബന്ധംപുലര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ കുടുംബം വിട്ടുനല്‍കിയ സ്ഥലത്താണു കൊടുവത്താനം പള്ളി നിര്‍മിച്ചിരിക്കുന്നത്. ജന്മനാടും മാതൃദേവാലയവുമായുള്ള ആത്മബന്ധത്തിന് ഇതും കാരണമായി.

വര്‍ഷത്തില്‍ പലതവണ നാട്ടില്‍ എത്തുമായിരുന്നു ഫാ. തോമസ്. ഇടവകദേവാലയവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാകുമായിരുന്നു. ഈ ആത്മബന്ധമാണു അദ്ദേഹത്തിന്റെ മൃതദേഹം മാതൃദേവാലയത്തില്‍ത്തന്നെ സംസ്കരിക്കണമെന്ന കുടുംബാംഗങ്ങളുടെയും ഇടവകാംഗങ്ങളുടെയും ആഗ്രഹത്തിനു പിന്നില്‍. നിര്‍ബന്ധപൂര്‍വമായ ഈ ആഗ്രഹത്തിനു ഊട്ടി രൂപത അധികൃതര്‍ ഒടുവില്‍ സമ്മതം മൂളുകയായിരുന്നു.

വൈദികന്റെ ഘാതകരെക്കുറിച്ചു സൂചന ലഭിച്ചതായി പോലീസ്

ബാംഗളൂര്‍: ബാംഗളൂരില്‍ ഞായറാഴ്ച രാത്രി കൊലചെയ്യപ്പെട്ട മലയാളി വൈദികന്റെ ഘാതകരെക്കുറിച്ചു സൂചന ലഭിച്ചതായി പോലീസ്. രണ്ടു ദിവസത്തിനുള്ളില്‍ പ്രതികളെ അറസ്റുചെയ്യാനാകുമെന്നു പോലീസ് പറഞ്ഞു.

അക്രമിസംഘം ഇരുമ്പു പട്ടകൊണ്ടു തലയും ശരീരഭാഗങ്ങളും അടിച്ചു വികൃതമാക്കിയിരുന്നു. മൃതദേഹം ഇന്നു രാവിലെ സെന്റ് പീറ്റേഴ്സ് സെമിനാരിയില്‍ എത്തിച്ചശേഷം ഊട്ടി രൂപതാ കേന്ദ്രത്തിലേക്കു കൊണ്ടുപോയി.