ടി.പി. വധം: സാക്ഷിപ്പട്ടിക പുതുക്കും
Tuesday, April 2, 2013 5:09 AM IST
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രോസിക്യൂഷന്‍ പുതിയ സാക്ഷിപ്പട്ടിക സമര്‍പ്പിക്കും. പുതുക്കിയ സാക്ഷിപ്പട്ടികയില്‍ നിന്ന് അമ്പതോളം സാക്ഷികളെ ഒഴിവാക്കാനാണ് സാധ്യത. നിരവധി സാക്ഷികള്‍ കൂറുമാറിയ സാഹചര്യത്തിലാണ് പട്ടിക പുതുക്കുന്നത്.

കേസില്‍ ഇതുവരെ 11 സാക്ഷികളാണ് കൂറുമാറിയത്. അതിനാല്‍ കൂറുമാറ്റസാധ്യത ഇല്ലാത്തവരെ ഉള്‍പ്പെടുത്താന്‍ കൂടിയാണ് അമ്പതു പേരെ ഒഴിവാക്കി പുതിയ പട്ടിക സമര്‍പ്പിച്ചത്.

ഒരേ സംഭവത്തില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ സാക്ഷികളായുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കുന്നത് കോടതിയുടെ വിലപ്പെട്ട സമയം അപഹരിക്കുകയാണ് ചെയ്യുന്നതെന്നും വിലയിരുത്തുന്നുണ്ട്. ഏപ്രില്‍ നാലിന് പ്രോസിക്യൂഷന്‍ പുതിയ സാക്ഷിപ്പട്ടിക സമര്‍പ്പിക്കും.