ആറന്‍മുള വിമാനത്താവളത്തിന് സ്റ്റേ
Tuesday, April 2, 2013 2:12 AM IST
തിരുവനന്തപുരം: ആറന്‍മുള വിമാനത്താവള ഭൂമി വ്യവസായ ഭൂമിയാക്കാനുള്ള നീക്കത്തിന് സ്റ്റേ. ഗ്രീന്‍ ട്രൈബ്യൂണലിന്റെ ദക്ഷിണ മേഖലാ വിഭാഗമാണ് സ്റ്റേ ചെയ്തിരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക്് നോട്ടീസ് അയയ്ക്കുകയും ചയ്തു. കൃഷിഭൂമി വ്യവസായ ആവശ്യങ്ങള്‍ക്ക് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ ഇതോടെ പാളി. കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള വിമാനത്താവള വിരുദ്ധ സമിതി നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ.

വിമാനത്താവള നിര്‍മാണം കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ചൂണ്്ടിക്കാട്ടി ശക്തമായ സമരങ്ങള്‍ ആറന്മുളയില്‍ അരങ്ങേറുന്നതിന്റെ പശ്ചാത്തലത്തില്‍ വന്നിരിക്കുന്ന സ്റ്റേ വിമാനത്താവളത്തിനെതിരേയുള്ള വികാരത്തിന് കരുത്തുപകരും. മേധാ പട്കര്‍ അടക്കമുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ വിമാനത്താവളത്തിനെതിരേ രംഗത്തുവന്നിരുന്നു.

കേന്ദ്ര പ്രതിരോധ മന്ത്രാലയം, പരിസ്ഥിതി മന്ത്രാലയം എന്നിവിടങ്ങളില്‍നിന്ന് പദ്ധതിക്ക് അനുമതി ലഭിച്ചിരുന്നു. ഉമ്മന്‍ ചാണ്്ടി സര്‍ക്കാരും പദ്ധതിക്ക് അനുകൂലമായിരുന്നു. ഇവയെ എല്ലാം ചോദ്യം ചെയ്യുന്നതാണ് സ്റ്റേ. വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട് ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് യുഡിഎഫ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വിഎസ് സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ കൂടുതല്‍ ഭൂമി ഏറ്റെടുക്കില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ ഭൂമി ഇടപാടുകള്‍ വ്യവസായ വകുപ്പ് അന്വേഷിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.