ഗണേഷ് കുമാറിന്റെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു
Tuesday, April 2, 2013 1:10 AM IST
തിരുവനന്തപുരം: കെ.ബി. ഗണേഷ്കുമാറിന്റെ രാജിക്കത്ത് ഗവര്‍ണര്‍ നിഖില്‍കുമാര്‍ സ്വീകരിച്ചു. ഡല്‍ഹിയിലേക്കു പോയ ഗവര്‍ണര്‍ക്ക് രാജിക്കത്ത് ഫാക്സ് ചെയ്തു നല്‍കുകയായിരുന്നു. തിങ്കളാഴ്ച അര്‍ധരാത്രി ഗണേഷ് നല്‍കിയ രാജിക്കത്ത് ഇന്നു രാവിലെയാണ് രാജ്ഭവനില്‍ എത്തിച്ചത്. ഉച്ചയോടെ ഗവര്‍ണര്‍ രാജിക്കത്ത് ഒപ്പിട്ട് തിരിച്ചയച്ചു. ഇത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചതോടെ ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടു.

മന്ത്രിസ്ഥാനം രാജിവച്ചിട്ടും ഗണേഷ് നിയമസഭയില്‍ മുന്‍നിരയിലുള്ള തന്റെ പഴയ സീറ്റില്‍ തന്നെ വന്നിരുന്നത് വലിയ ഒച്ചപ്പാടിന് വഴിവച്ചിരുന്നു. എന്നാല്‍, ഗവണര്‍ രാജിക്കത്ത് സ്വീകരിക്കാത്തിടത്തോളം ഗണേഷിന് മന്ത്രിയുടെ സീറ്റില്‍ ഇരിക്കാമെന്ന് സ്പീക്കര്‍ റൂളിങ് നല്‍കുകയായിരുന്നു. പ്രതിഷേധമുന്നയിച്ച വി.എസ് സുനില്‍കുമാറിനെ സ്പീക്കര്‍ ശാസിക്കുകയും ചെയ്തിരുന്നു.