സൌദിയിലേക്കുള്ള ഇന്ത്യന്‍ സംഘത്തിന്റെ യാത്ര നീട്ടി
Tuesday, April 2, 2013 1:00 AM IST
ന്യൂഡല്‍ഹി: സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ മന്ത്രിതല സംഘം സൌദിയിലേക്ക് നടത്താനിരുന്ന യാത്ര നീട്ടിവച്ചു. മുതിര്‍ന്ന സൌദി മന്ത്രിമാര്‍ നാട്ടില്‍ ഇല്ലാത്തതിനാലാണ് യാത്ര നീട്ടിവയ്ക്കാന്‍ കാരണമായത്. പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സൌദിയിലേക്കു പോകാനിരുന്നത്. എത്രയും വേഗം യാത്രതിരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നു. പ്രതിനിധി സംഘത്തിന് കാണേണ്്ടണ്ട സൌദി ഭരണാധികാരികളുടെ സൌകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയിക്കാന്‍ എംബസിക്ക് നിര്‍ദേശം നല്‍കിയിരുന്നു. അവര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് യാത്ര വൈകിപ്പിക്കാന്‍ തീരുമാനിച്ചത്.

അതേസമയം സൌദി അംബാസഡര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഇപ്പോള്‍ വലിയ ആശങ്കക്ക് വകയില്ല. നിതാഖാതിന്റെ പേരില്‍ വ്യാപക പരിശോധന തുടങ്ങിയിട്ടില്ല. പ്രശ്നത്തില്‍ സാധ്യമായ എല്ലാ ഇടപെടലും കേന്ദ്രസര്‍ക്കാര്‍ നടത്തും. 24 ലക്ഷം ഇന്ത്യക്കാര്‍ സൌദിയില്‍ ജോലി ചെയ്യുന്നുണ്ട്. അവരിലെ ചെറിയൊരു ശതമാനത്തെയാണ് പ്രശ്നം ബാധിക്കുക. സൌദിയുമായുള്ള നല്ല ബന്ധം നിലനിര്‍ത്തി ഇളവുകള്‍ നേടാനാണ് ശ്രമം.