ബിപിസിഎല്‍ ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു
Tuesday, April 2, 2013 12:46 AM IST
തൃപ്പൂണിത്തുറ: ഭാരത്പെട്രോളിയം കോര്‍പറേഷന്റെ ഇരുമ്പനം യൂണിറ്റിലെ അനിശ്ചിത കാല ടാങ്കര്‍ ലോറി പണിമുടക്ക് പിന്‍വലിച്ചു. കമ്പനി മാനേജ്മെന്റുമായും ടാങ്കര്‍ ലോറി ഉടമകളുമായും എറണാകുളം ജില്ലാ കലക്ടര്‍ ഷെയ്്ഖ് പരീത് നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരയായത്. സമരം ശക്തമായതോടെ സംസ്ഥാനത്തെ ബിപിസിഎല്‍ പമ്പുകളില്‍ എണ്ണക്ഷാമം തുടങ്ങിയിരുന്നു.

തിരുവനന്തപുരം മുതല്‍ കോഴിക്കോടുവരെയുള്ള 12 ജില്ലകളിലായി 500 ഓളം വരുന്ന ബിപിസിഎല്‍ പമ്പുകളിലാണ് എണ്ണവിതരണത്തില്‍ ക്ഷാമം നേരിട്ടത്. ബിപിസിഎല്‍ ഇരുമ്പനം യൂണിറ്റില്‍ ലോറി ഉടമകളും തൊഴിലാളികളും ഡീലര്‍മാരും കോണ്‍ട്രാക്റ്റര്‍മാരും ഉള്‍പ്പെടുന്ന ഡീലര്‍ ആന്റ് കോണ്‍ട്രാക്റ്റേഴ്സ് കോഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ സംയുക്തതീരുമാന പ്രകാരമാണ് ടാങ്കര്‍ ലോറി പണിമുടക്ക് വെള്ളിയാഴ്ച അര്‍ദ്ധരാത്രിമുതല്‍ ആരംഭിച്ചത്.

കഴിഞ്ഞ ഒക്ടോബറില്‍ പുതുക്കിയ ടെണ്ടര്‍ പ്രകാരമുള്ള കൂടിയലോറിവാടകയും, കുടിശികയും, വര്‍ക്ക് ഓര്‍ഡറും ലഭിക്കണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാലപണിമുടക്കില്‍ തൊഴിലാളികള്‍ ഉറച്ചുനില്‍ക്കുന്നത്. ബിപിസിഎല്‍ മാനേജ്മെന്റുമായി ഇത് സംബന്ധിച്ച് നിരവധി വട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും സമരക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ ബിപിസിഎല്‍ മാനേജ്മെന്റ് തയ്യാറാകാതെ പിടിവാശിതുടര്‍ന്നതാണ് ലോറിപണിമുടക്കിലേക്ക് വഴിയൊരുക്കിയതെന്ന് സമരക്കാര്‍ വ്യക്തമാക്കിയിരുന്നു.