ഇറ്റാലിയന്‍ സ്ഥാനപതിയുടെ യാത്രാവിലക്ക് സുപ്രീം കോടതി നീക്കി
Tuesday, April 2, 2013 12:04 AM IST
ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല്‍ മന്‍സിനിക്ക് ഏര്‍പ്പെടുത്തിയ യാത്രാനിയന്ത്രണം സുപ്രീം കോടതി നീക്കി. നാവികര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇറ്റാലിയന്‍ സൈനികരെ ഇന്ത്യയിലേക്ക് തിരികെ അയക്കില്ലെന്ന് ഇറ്റലി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സ്ഥാനപതി രാജ്യം വിടരുതെന്ന് മാര്‍ച്ച് 14ന് സുപ്രീം കോടതി ഉത്തരവിട്ടത്.

തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് നാലാഴ്ചത്തേക്ക് നാട്ടില്‍ പോകാന്‍, ഫെബ്രുവരി 22 നാണ് ചീഫ് ജസ്റീസ് അല്‍തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ച് നാവികര്‍ക്ക് അനുമതി നല്‍കിയത്. കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി രൂപവത്കരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഏപ്രില്‍ 14നകം പ്രത്യേക കോടതി രൂപവല്‍ക്കരിക്കാനാണ് സര്‍ക്കാരിന് സമയം അനുവദിച്ചിരിക്കുന്നത്.

വോട്ടുചെയ്യാന്‍ ഇറ്റലിയിലേക്ക് പോയ ചീഫ് മാര്‍ഷല്‍ സര്‍ജന്റ് ലസ്തോറെ മാസിമിലിയാനോ, സാര്‍ജന്റ് സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ അവിടെത്തന്നെ തുടരുമെന്ന് ഇറ്റാലിയന്‍ വിദേശമന്ത്രാലം അപ്രതീക്ഷിതമായി ഇന്ത്യയെ അറിയിക്കുകയായിരുന്നു. സ്ഥാനപതി സുപ്രീം കോടതിയില്‍ നല്‍കിയ ഉറപ്പു ലംഘിച്ചാണ് ഇത്തരമൊരു നിലപാട് ഇറ്റാലി സ്വീകരിച്ചത്. തുടര്‍ന്നാണ് സ്ഥാനപതിക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി സുപ്രീം കോടതി ഉത്തരവിട്ടത്.