ഗണേഷ് വിഷയം പ്രക്ഷുബ്ദമാക്കി; സഭ ഇന്നത്തേക്കു പിരിഞ്ഞു
Monday, April 1, 2013 10:38 PM IST
തിരുവനന്തപുരം: മന്ത്രി ഗണേഷ്കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിയമസഭാ നടപടികളെ സംഘര്‍ഷഭരിതമാക്കി. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളം നിയന്ത്രണാധീതമായതോടെ സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിച്ചുവിട്ടു. അംഗങ്ങള്‍ സ്പീക്കറുടെ കസേരയുടെ അടുത്തേക്ക് വരെ എത്തി ബഹളം തുടര്‍ന്ന് പശ്ചാത്തലത്തിലാണ് സ്പീക്കറുടെ നടപടി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം.

രാവിലെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ കുറച്ചുനേരത്തേക്ക് സഭാ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. പിന്നീട് സഭ ചേര്‍ന്നപ്പോള്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കിയെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. വിശദീകരണത്തില്‍ തൃപ്തരാകാതെ കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയെ കണക്കിനു പരിഹസിക്കുകയും ചെയ്തു.

ഇതിനുശേഷം സംസാരിച്ച തൊഴില്‍ മന്ത്രിയും പ്രശ്നത്തില്‍ മധ്യസ്ഥനുമായിരുന്ന ഷിബു ബേബി ജോണ്‍ തന്റെ ഭാഗവും വിശദീകരിച്ചു. സഹപ്രവര്‍ത്തകന്റെ പ്രശ്നത്തില്‍ ഇടപെടുക മാത്രമാണ് ചെയ്തതെന്നും ഇതില്‍ യാതൊരു കുഴപ്പവുമില്ലെന്നും അദ്ദേഹം ചൂണ്്ടിക്കാട്ടി. ഗണേഷും യാമിനിയും തമ്മിലുണ്്ടാക്കിയ കാരറിന്റെ പകര്‍പ്പും അദ്ദേഹം നിയമസഭയില്‍ വച്ചു.

പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്കുശേഷവും ബഹളം ശമിച്ചില്ല. വേട്ടക്കാരനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ആരോപിച്ചു. അടിയന്തരപ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും മന്ത്രി ഷിബു ബേബി ജോര്‍ജും സംസാരിച്ചുകഴിഞ്ഞശേഷം ഗണേഷ്കുമാര്‍ സഭയിലെത്തിയതോടെയാണ് വീണ്ടും ബഹളം ശക്തമായത്.

മന്ത്രിയായിരുന്നപ്പോള്‍ ഇരുന്ന മുന്‍നിരയിലെ കസേരയില്‍ ഗണേഷ് ഇരുന്നതിനെ ചൊല്ലിയാണ് ബഹളം തുടങ്ങിയത്. മന്ത്രിമാര്‍ക്ക് അനുവദിച്ച മുനിരയിലെ സീറ്റില്‍ ഇരിക്കാന്‍ ഗണേഷിന് അര്‍ഹതയില്ലെന്ന വാദവുമായി വി.എസ്. സുനില്‍കുമാറാണ് രംഗത്തുവന്നത്. എന്നാല്‍ ഗണേഷിന്റെ രാജിക്കത്ത് ഗവര്‍ണര്‍ സ്വീകരിച്ചിട്ടില്ലെന്നും അതുകൊണ്ട് ഗണേഷിന് നേരത്തെയുള്ള ഇരിപ്പിടത്തില്‍ ഇരിക്കുന്നതില്‍ തെറ്റില്ലെന്നും റൂളിങ് നല്‍കിയ സ്പീക്കര്‍ സുനില്‍കുമാറിനെ ശാസിക്കുകയും ചെയ്തു.

സുനില്‍കുമാറിനെതിരായ സ്പീക്കറുടെ പരാമര്‍ശം പ്രതിപക്ഷത്തിന്റെ ക്ഷോഭം ഇരട്ടിയാക്കി. സുനില്‍കുമാറും ഇ.എസ്. ബിജിമോളും പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. പിന്നീട് പ്രസംഗിച്ച വിഎസ് വോക്കൌട്ട് പ്രഖ്യാപിച്ചെങ്കിലും മറ്റ് പ്രതിപക്ഷ അംഗങ്ങള്‍ അദ്ദേഹത്തിനൊപ്പം ഇറങ്ങിയില്ല. പകരം നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു. ഷിബു ബേബി ജോണും ഗണേഷ് കുമാറുമെല്ലാം വിശദീകരണവുമായി രംഗത്തുവന്നെങ്കിലും മുഖ്യമന്ത്രിയുടെ രാജിയില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയായിരുന്നു.