കണ്ണൂരിൽ സമാധാന യോഗത്തിൽ ബഹളം; യുഡിഎഫ് ബഹിഷ്കരിച്ചു
Wednesday, February 21, 2018 10:43 AM IST
കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധത്തെ തുടർന്ന് കണ്ണൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായി ചേർന്ന സർവകക്ഷി യോഗത്തിൽ ബഹളം. കോണ്‍ഗ്രസ് സിപിഎം നേതാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായി. പ്രതിഷേധത്തിനൊടുവിൽ യോഗം യുഡിഎഫ് ബഹിഷ്കരിച്ചു.

യോഗത്തിലേക്ക് പ്രതിപക്ഷ എംഎൽഎമാരെ ക്ഷണിച്ചില്ലെന്നാരോപിച്ച് ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനിയുൾപ്പെടെയുള്ള നേതാക്കളാണ് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്. കെ.കെ.രാഗേഷ് എംപിയെ വേദിയിൽ ഇരുത്തിയതും തർക്കത്തിനിടയാക്കി. ഇതോടെ യോഗത്തിന്‍റെ അധ്യക്ഷൻ എ.കെ. ബാലൻ വിഷയത്തിൽ ഇടപെട്ടു. ജനപ്രതിനിധികളുടെ യോഗമല്ല, വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗമാണ് വിളിച്ചിരിക്കുന്നതെന്നും ബാലൻ പറഞ്ഞു.

എന്നാൽ പ്രതിപക്ഷ പ്രതിനിധികളെ വിളിക്കാതിരുന്ന സ്ഥിതിക്ക് എംപിയെന്ന നിലയിൽ രാഗേഷ് വേദിയിൽ ഇരിക്കുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാക്കൾ വാദിച്ചു. ഇതുമായി ബന്ധപ്പെട്ട് പി. ജയരാജനും സതീശൻ പാച്ചേനിയും തമ്മിൽ രൂക്ഷമായ വാക്കേറ്റവുമുണ്ടായി. ഇതിനുശേഷം യോഗത്തിൽനിന്നും യുഡിഎഫ് ഇറങ്ങിപ്പോകുകയായിരുന്നു.

മുഖ്യമന്ത്രി സമാധാനയോഗം വിളിക്കാതെ ഇനി യോഗത്തിൽ പങ്കെടുക്കില്ലെന്നും യുഡിഎഫ് നേതാക്കൾ അറിയിച്ചു. സമാധാന യോഗത്തിൽ യുഡിഎഫിന്‍റെ നാടകമാണ് കാണാൻ സാധിച്ചതെന്ന് പി. ജയരാജൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് അംഗങ്ങളുടെ അഭാവത്തിൽ സമാധാന യോഗം തുടരുകയാണ്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.