ജയലളിതയ്ക്ക് സംഭവിച്ചത് എന്ത്‍? തോഴി ശശികല വെളിപ്പെടുത്തി
Wednesday, March 21, 2018 4:10 PM IST
ചെന്നൈ: അണ്ണാ ഡിഎംകെ അധ്യക്ഷയും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയ്ക്ക് യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് തോഴി ശശികല ഒടുവിൽ തുറന്നു പറഞ്ഞിരിക്കുകയാണ്. ജയലളിതയുടെ മരണം സംബന്ധിച്ച് ഒരുപാട് ഉൗഹാപോഹങ്ങൾ നിലനിൽക്കുന്പോഴാണ് ശശികലയുടെ വെളിപ്പെടുത്തൽ. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷൽ കമ്മീഷന് മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ശശികല കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുന്നത്.

അനധികൃത സ്വത്ത് സന്പാദന കേസിൽ ബംഗളൂരുവിലെ വിചാരണ കോടതി 2014 സെപ്റ്റംബറിൽ കുറ്റക്കാരിയാണെന്ന് വിധിച്ചതിന് പിന്നാലെയാണ് ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതെന്ന് ശശികല പറയുന്നു. 2014 നവംബറിനും 2016 സെപ്റ്റംബറിനും ഇടയിൽ 20 ഡോക്ടർമാരുടെ കീഴിൽ ജയലളിത ചികിത്സ തേടിയിട്ടുണ്ടെന്നും ജസ്റ്റീസ് അറുമുഖസ്വാമി കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ ശശികല വ്യക്തമാക്കിയിട്ടുണ്ട്.

2016 സെപ്റ്റംബർ 22ന് രാത്രി ഒൻപതോടെ ജയലളിതയെ പോയസ് ഗാർഡനിലെ കുളിമുറിയിൽ അബോധാവസ്ഥയിൽ കാണുകയായിരുന്നു. തുടർന്ന് താൻ താങ്ങിയെടുത്ത് ജയലളിതയെ ബെഡ്റൂമിലെ കട്ടിലിൽ കിടത്തി. പിന്നീടാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ശശികല പറയുന്നു. ആശുപത്രിയിൽ എത്തിയതിന്‍റെ അടുത്ത ദിവസം അവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്നും സംസാരിച്ചു തുടങ്ങിയെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അബോധാവസ്ഥയിൽ കിടന്നതുകൊണ്ടാണ് ജയലളിതയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതെന്നും അല്ലാത്തപക്ഷം ആശുപത്രിയിൽ പോകാൻ അവർ സമ്മതിക്കില്ലായിരുന്നുവെന്നും ശശികല പറയുന്നു. ആശുപത്രി വാസത്തിനിടെ ജയലളിതയെ കാണാൻ എത്തിയ മന്ത്രിമാരുടെ പേര് വിവരങ്ങളും ശശികല കമ്മീഷന് നൽകിയിട്ടുണ്ട്. ഇതിൽ തൊഴിൽ മന്ത്രി നിലോഫർ ഖഫീലും ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ എം.തന്പിദുരെയും ഉൾപ്പെടുന്നുണ്ട്. തമിഴ്നാട് ഗവർണർ സി.വിദ്യാസാഗർ റാവു രണ്ടു തവണ ജയലളിതയെ കാണാൻ എത്തി. ചില്ലുകൂട്ടിലൂടെ ഗവർണറെ അവർ കൈവീശി കാണിച്ചുവെന്നും ശശികല പറയുന്നു.

2016 സെപ്റ്റംബർ 28ന് ഉന്നതതല യോഗത്തിൽ പങ്കെടുത്ത ശേഷമാണ് സ്ഥിതി ഗുരുതരമായതെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ചീഫ് സെക്രട്ടറി രാമ മോഹൻ റാവു, ഉപദേശക ഷീല ബാലകൃഷ്ണൻ തുടങ്ങിയവരാണ് ഉന്നതതല യോഗത്തിൽ പങ്കെടുത്തത്. ഇതിന് പിന്നാലെ സ്ഥിതി വഷളായപ്പോൾ എയിംസിൽ നിന്നുള്ള ഡോക്ടർമാർ എത്തി പരിശോധിച്ച് ശ്വാസനാള ശസ്ത്രക്രിയ വേണമെന്ന് നിർദ്ദേശിക്കുകയായിരുന്നു.

ശസ്ത്രക്രിയയ്ക്ക് പത്ത് ദിവസത്തിന് ശേഷം അവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ട്യൂബുകൾ എടുത്തുമാറ്റിയെന്നും ചെറിയ വ്യായാമങ്ങൾ ചെയ്തു തുടങ്ങിയിരുന്നുവെന്നും ശശികല പറയുന്നു. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രികയിൽ കൈവിരൽ പതിച്ചാണ് ജയലളിത ഒപ്പുവച്ചത്. പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾ ജയലളിത സ്വന്തം കൈപ്പടയിൽ രേഖപ്പെടുത്തിയാണ് പാർട്ടി എംപിമാർക്ക് നൽകിയത്. ഇതിന്‍റെ പകർപ്പ് പോയസ് ഗാർഡനിലെ തന്‍റെ മുറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ശശികല സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

രോഗാവസ്ഥയിൽ ആരും കാണാൻ വരുന്നത് ജയലളിത ഇഷ്ടപ്പെട്ടിരുന്നില്ലെന്നും അനുവാദം നൽകുന്നവരെ മാത്രമാണ് സന്ദർശനത്തിന് കയറ്റിയിരുന്നതെന്നും ശശികല കമ്മീഷനെ അറിയിച്ചിട്ടുണ്ട്. 55 പേജുകളുള്ള വിശദമായ സത്യവാങ്മൂലമാണ് ശശികല കമ്മീഷന് നൽകിയിരിക്കുന്നത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.