ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽ കുടുക്കാനുള്ള പാക് ശ്രമം പാളി
Sunday, December 17, 2017 12:11 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽ കുടുക്കാനുള്ള പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ശ്രമം ഇന്ത്യ വിഫലമാക്കി. ഐഎസ്ഐയുടെ ശ്രമത്തേക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചു വിളിച്ചു. ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ ഇന്ത്യൻ അന്വേഷണ ഏജൻസി വിശദമായ അന്വേഷണം തുടങ്ങിയതായും ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ഇസ്ലാമാബാദിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ ഭാഷാ വിഭാഗത്തിൽ ജോലി ചെയ്തിരുന്നവരെ കുടുക്കാനാണ് ശ്രമമുണ്ടായത്. എന്നാൽ ഹണിട്രാപ്പ് ഒരുക്കുന്നതായി നേരത്തേ തന്നെ മനസിലായതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഇന്ത്യയെ വിവരം അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ തെറ്റായി എന്തെങ്കിലും ചെയ്തതായി സംശയമില്ലെന്നും ഇന്ത്യൻ അധികൃതർ വ്യക്തമാക്കി. എംബസിയിൽ ജോലി ചെയ്യുന്ന മറ്റ് ഉദ്യോഗസ്ഥരെയും സ്വാധീനിക്കാൻ ശ്രമം നടന്നിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.