തോമസ് ചാണ്ടിയുടെ കൈയേറ്റം: കളക്ടർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു
Sunday, October 22, 2017 8:25 AM IST
തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടർ ടി.വി. അനുപമ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു.ശനിയാഴ്ച രാത്രി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യനാണ് കളക്ടർ റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ടിൽ മാർത്താണ്ഡം കായലിൽ നിയമലംഘനം നടന്നുവെന്നു കണ്ടെത്തിയതായും സൂചന.

ലേക് പാലസ് റിസോർട്ടിന് മുന്നിലെ പാർക്കിംഗും അപ്രോച്ച് റോഡും നിയമവിരുദ്ധമായി നിർമിച്ചതാണെന്നും റിപ്പോർട്ടിൽ കണ്ടെത്തിയതായി സൂചന. 2014നു ശേഷമാണ് ഭൂമി നികത്തൽ നടന്നിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

രേഖകളും ഉപഗ്രഹ ചിത്രങ്ങളും പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. ബോയ സ്ഥാപിക്കാൻ ആർഡിഒ നൽകിയ അനുമതി അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടതായാണ് വിവരം.

നേരത്തെ കളക്ടറു‌ടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ലേക് പാലസിനു സമീപം പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇടക്കാല റിപ്പോർട്ട് ശരിവയ്ക്കുന്നതാണ് കളക്ടറുടെ സമഗ്ര റിപ്പോർട്ടെന്നാണു വിവരം. സർക്കാർ ഭൂമി തിരിച്ചു പിടിക്കാണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്.