വായനക്കാരുടെ കൈത്താങ്ങിന് നന്ദിയും സ്നേഹവും അർപ്പിച്ച് ജോസഫ്
Monday, September 18, 2017 10:02 PM IST
കോട്ടയം: ജോസഫിന് പറയാൻ മറ്റൊന്നുമില്ല, നന്ദി... അങ്ങനെ ഒരു വാക്കിൽ തീരുന്ന കടപ്പാടല്ലെന്ന് ഈ ഗൃഹനാഥന് നല്ല ബോധ്യമുണ്ട്. കാരണം അത്രമാത്രം സഹായമാണ് ദീപിക ഡോട്ട്കോം വായനക്കാർ നൽകിയത്. സഹായത്തിനും പ്രാർഥനകൾക്കും എന്നും കടപ്പെട്ടിരിക്കുന്നുവെന്നും തുടർന്നും തന്‍റെ കുടുംബത്തിന് വേണ്ടി പ്രാർഥനകൾ ഉണ്ടാകണമെന്നും ജോസഫ് അഭ്യർഥിച്ചു.

വായനക്കാർ ദീപിക ചാരിറ്റബിൾ ട്രസ്റ്റ് വഴി നൽകിയ 2,87,000 രൂപയുടെ സഹായധനം ജോസഫിനും കുടുംബത്തിനും കൈമാറി. ചീഫ് എഡിറ്റർ ബോബി അലക്സ് മണ്ണംപ്ലാക്കലിന്‍റെ സാന്നിധ്യത്തിൽ ഡെപ്യൂട്ടി എംഡി ഡോ.താർസിസ് ജോസഫാണ് സഹായധനം കൈമാറിയത്.

കോട്ടയം കോതനല്ലൂർ സ്വദേശിയായ ജോസഫിന്‍റെ കുടുംബത്തിന് സംഭവിച്ച ദുർവിധി വായനക്കാർ അറിഞ്ഞത് ദീപിക ഡോട്ട്കോം വഴിയാണ്. ഇരുപത്തിയൊന്നു വയസുകാരിയായ മകൾ അർബുദ രോഗബാധിതയായതോടെയാണ് സാധാരണ നിലയിൽ ജീവിച്ച കുടുംബത്തിന് വിധി എതിരായി തുടങ്ങിയത്. മകൾക്ക് തിരുവനന്തപുരം ആർസിസിയിൽ ചികിത്സ നൽകി വരികയായിരുന്നു. ഇതിനായി ഭാരിച്ച തുക കണ്ടെത്താൻ ജോസഫ് ഓടിനടക്കുന്നതിനിടെ ദുർവിധി വീണ്ടും എത്തി. തകർച്ചയിൽ തനിക്ക് തണലായിരുന്ന ഭാര്യ ഷേർളിക്ക് കോട്ടയം നന്പ്യാകുളത്തു വച്ച് വാഹനാപകടമുണ്ടായി. അമിത വേഗത്തിലെത്തിയ ബൈക്ക് വീട്ടമ്മയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തല റോഡ് വശത്തെ ഓടയുടെ സ്ലാബിൽ ഇടിച്ചുവീണ ഷേർളി ദിവസങ്ങളോളം അബോധാവസ്ഥയിലായിരുന്നു.

വൈക്കം ഇൻഡോ-അമേരിക്കൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷേർളിക്ക് തലയ്ക്കും കാലിനും ശസ്ത്രക്രിയ നടത്തി. ഇപ്പോൾ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലുള്ള ഷേർളിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇരുവരുടെയും ചികിത്സാചിലവ് താങ്ങാൻ കഴിയാതെ വന്നതോടെ മകളുടെ ആർസിസിയിലെ ചികിത്സ മുടങ്ങി. അർബുദം മൂർച്ഛിച്ച മകൾക്ക് ഇപ്പോൾ യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയിലാണ്. അതിനാൽ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദന്പതികൾക്ക് സ്കൂൾ വിദ്യാഭ്യാസം നടത്തുന്ന മറ്റൊരു മകൾ കൂടിയുണ്ട്.

സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന ജോസഫിന് ചികിത്സ മൂലമുള്ള ഭാരിച്ച കടം താങ്ങാൻ കഴിയാതെ വന്നതോടെയാണ് ദീപിക ഡോട്ട്കോമിലൂടെ വായനക്കാരുടെ സഹായം അഭ്യർഥിച്ചത്. ജോസഫിന്‍റെ കഥയറിഞ്ഞ് നിരവധി വായനക്കാർ അദ്ദേഹത്തിന് സഹായം നൽകാൻ തയാറാവുകയായിരുന്നു.

ചാരിറ്റി വിവരങ്ങൾക്ക്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.