ബസ് സ്റ്റാൻഡിലെ മൂത്രപ്പുരയിൽ യുവതി പ്രസവിച്ചു
Monday, July 17, 2017 9:23 AM IST
ബാഗൽകോട്ട്: ബസ് സ്റ്റാൻഡിലെ മൂത്രപ്പുരയിൽ യുവതി കുഞ്ഞിന് ജന്മം നൽകി. പ്രാഥമിക ആവശ്യത്തിന് മൂത്രപ്പുരയിൽ കയറി 27-കാരിയായ യുവതിയാണ് അപ്രതീക്ഷിതമായി ബസ് സ്റ്റാൻഡ് മൂത്രപ്പുരയിൽ പ്രസവിച്ചത്. യുവതി ഏഴ് മാസം ഗർഭിണിയായിരുന്നു.

കർണാടകയിൽ ഹുനാഗുണ്ഡിലാണ് സംഭവം. നിർമല സിതേഷ് എന്ന വിജയപുരം സ്വദേശിനിയായ യുവതി അമ്മയ്ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു. ഇലക്കൽ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ യുവതി മൂത്രപ്പുരയിൽ പോയി. തുടർന്നാണ് യുവതി ആണ്‍കുഞ്ഞിന് ജന്മം നൽകിയത്. ഉടൻ തന്നെ ആംബുലൻസിൽ യുവതിയെയും കുഞ്ഞിനെയും സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് കൂടുതൽ പരിചരണം ആവശ്യമാണെന്നും കുഞ്ഞും അമ്മയും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.