നടിയെ ആക്രമിച്ച കേസ്: ദിലീപ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി
Monday, July 17, 2017 8:42 AM IST
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കെ. രാംകുമാറാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യാപേക്ഷയിൽ ഇന്നു തന്നെ വാദം കേൾക്കണമെന്നും രാംകുമാർ ആവശ്യപ്പെട്ടു.

ദിലീപിന്‍റെ ജാമ്യാപേക്ഷ ഇന്ന് ഉച്ചയ്ക്ക് 1.45ന് ഹൈക്കോടതി പരിഗണിക്കും. ദിലീപിനെതിരെ തെളിവുകൾ ഒന്നും ഇല്ലാതെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നതെന്നു പ്രതിഭാഗം ജാമ്യഹർജിയിൽ അറിയിച്ചു. കേസിൽ ഗൂഢാലോചനയില്ലെന്നു മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. പിന്നീടാണ് ദിലീപിനെ കേസിൽ പ്രതിയാക്കി പോലീസ് കസ്റ്റഡിയിൽ എടുത്തതെന്നും രാംകുമാർ ജാമ്യഹർജിയിൽ വ്യക്തമാക്കി.

ദിലീപിനെതിരെ സമർപ്പിച്ചിരിക്കുന്ന 19 തെളിവുകളിൽ എട്ട് എണ്ണം അദ്ദേഹവുമായി യാതൊരു ബന്ധവുമില്ല. പോലീസ് ആകെ കണ്ടെത്തിയിരിക്കുന്നത് ദിലീപിന്‍റെ വീട്ടിൽനിന്നു ഒരു ടാബ് ആണെന്നും ഇതിൽ വീഡിയോ ഗെയിം മാത്രമാണ് ഉള്ളതെന്നും രാംകുമാർ അറിയിച്ചു. ദിലീപിന്‍റെ അറസ്റ്റുമൂലം മലയാള സിനിമ പ്രതിസന്ധിയിലായിരിക്കുകയാണ്. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നു റൂറൽ എസ്പി വെളിപ്പെടുത്തിയിരുന്നുവെന്നും ഈ സാഹചര്യത്തിൽ അദ്ദേഹത്തിനു ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ജാമ്യഹർജിയിൽ സൂചിപ്പിച്ചു.

ശനിയാഴ്ചയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. കേസിൽ ദിലീപിന്‍റെ ഗൂഢാലോചന സംബന്ധിച്ച് ശക്തമായ തെളിവുകളുണ്ടെന്നും ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നുമുള്ള സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
RELATED NEWS