നടിയെ ആക്രമിച്ച കേസ്: എംഎൽഎമാരുടെ മൊഴിയെടുക്കും
Monday, July 17, 2017 7:19 AM IST
തിരുവനന്തപുരം: യുവനടി ആക്രമിക്കപ്പെട്ട കേസിൽ തൃക്കാക്കര എംഎൽഎ പി.ടി. തോമസ്, ആലുവ എംഎൽഎ അൻവർ സാദത്ത് എന്നിവരിൽനിന്ന് അന്വേഷണസംഘം മൊഴിയെടുക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു എംഎൽഎമാരും ഇന്ന് തിരുവനന്തപുരത്തായതിനാൽ ഇവിടെയെത്തി ഇരുവരുടേയും മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

ആക്രമണത്തിന് ഇരയായ നടി ഓടിക്കയറിയത് സംവിധായകൻ ലാലിന്‍റെ വീട്ടിലായിരുന്നു. നിർമ്മാതാവ് ആന്‍റോ ജോസഫിനൊപ്പം ജനപ്രതിനിധി എന്ന നിലയിൽ പി.ടി. തോമസും വിവരമറിഞ്ഞ് അന്ന് രാത്രി ലാലിന്‍റെ വീട്ടിലെത്തിയിരുന്നു. ഇതിനാലാണ് പി.ടി. തോമസിൽ നിന്നും വിവരങ്ങൾ തേടാൻ അന്വേഷണം സംഘം തീരുമാനിച്ചിരിക്കുന്നത്.

കേസിൽ പോലീസ് അറസ്റ്റ് ചെയ്യപ്പെട്ട നടൻ ദിലീപിന്‍റെ അടുത്ത സുഹൃത്തെന്ന നിലയിലാണ് ആലുവ എംഎൽഎ അൻവർ സാദത്തിന്‍റെ മൊഴി പോലീസ് രേഖപ്പെടുത്തുന്നത്.
RELATED NEWS