ദക്ഷിണകൊറിയയുമായി സൈനിക ചർച്ചക്കൊരുങ്ങി ഉത്തരകൊറിയ
Monday, July 17, 2017 6:10 AM IST
സിയൂൾ: ഉത്തരകൊറിയ- ദക്ഷിണകൊറിയ സൈനിക ചർച്ചകൾ ഈ മാസം നടന്നേക്കുമെന്ന് സൂചന. ചർച്ച നടത്താൻ സന്നദ്ധരാണെന്ന് ഉത്തരകൊറിയ അറിയിച്ചതായാണ് വിവരം. ഈ മാസം ചർച്ചകൾ നടത്താമെന്ന നിർദേശം ദക്ഷിണകൊറിയയാണ് മുന്നോട്ട് വച്ചത്. ജൂലൈ 21ന് ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ ചർച്ചകൾ നടക്കുമെന്നാണ് വിവരങ്ങൾ. 2014ന് ശേഷം ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ നടത്തുന്ന ആദ്യ സൈനിക ചർച്ചയായിരിക്കുമിത്.

ദക്ഷിണകൊറിയൻ പ്രതിരോധ വകുപ്പ് സഹമന്ത്രി സുഹ് ചു-സുക് ആണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സൈനിക ചർച്ചകൾക്ക് പുറമേ ഇരു രാജ്യത്തു നിന്നുമുള്ള റെഡ്ക്രോസ് പ്രതിനിധികൾ തമ്മിലും ചർച്ചകൾ നിശ്ചയിച്ചിട്ടുണ്ട്. ആഗസ്റ്റ് ഒന്നിനായിരിക്കും ഇത്. സൈനിക ചർച്ചയുടെ അജണ്ട ഇതുവരെ നിശ്ചയിക്കപ്പെട്ടിട്ടില്ല. പക്ഷേ, ഉത്തരകൊറിയൻ അണ്വായുധ പരീക്ഷണങ്ങൾ സംബന്ധിച്ച് തന്നെയാകും ചർകൾ നടക്കുകയെന്നാണ് അനൗദ്യോഗിക വിവരങ്ങൾ.

ഈ വർഷം മാത്രം 11 ആണവ മിസൈൽ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. അന്താരാഷ്ട്ര സമൂഹത്തിന്‍റെ എതിർപ്പുകൾ പാടെ അവഗണിച്ചായിരുന്നു ഈ പരീക്ഷണങ്ങളത്രയും നടത്തിയത്.
RELATED NEWS