ഈജിപ്തിൽ അനധികൃത നിർമാണങ്ങൾ ഒഴിപ്പിക്കുന്നതിനിടെ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു
Monday, July 17, 2017 2:23 AM IST
കെയ്റോ: കെയ്റോയിൽ അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ ഒഴിപ്പിക്കാനെത്തിയവരും പ്രദേശവാസികളും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ 58 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 28 പോലീസ് ഉദ്യോഗസ്ഥരും 10 നിർമാണത്തൊഴിലാളികളും ഉൾപ്പെട്ടിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങളിൽ ഏറെയും അനധികൃതമായി നിർമിച്ചവയാണെന്ന് കണ്ടെത്തിയതിനേത്തുടർന്നാണ് അവ ഒഴിപ്പിച്ച് സ്ഥലം തിരിച്ചു പിടിക്കാൻ പ്രാദേശിക ഭരണകൂടം തീരുമാനിച്ചത്. 700ലേറെ കെട്ടിടങ്ങൾ അത്തരത്തിൽ നിർമിച്ചവയാണെന്നും കണ്ടെത്തിയിരുന്നു.

ഇത്തരം നടപടികൾ സ്വീകരിക്കേണ്ടി വരുന്നതിൽ ഖേദമുണ്ടെന്നും എന്നാൽ ഭരണകൂടത്തിനും അതിന്‍റെ നിയമങ്ങൾക്കുമാണ് എപ്പോഴും പ്രാധാന്യമെന്നും ഈജിപ്ത് പ്രധാനമന്ത്രി ഷെരീഫ് ഇസ്മയിൽ പറഞ്ഞു. നിയമലംഘനം നടത്തിയിട്ടുള്ളവർക്ക് മാത്രമേ നടപടി നേരിടേണ്ടി വരികയുള്ളുവെന്നും നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.