ചാരവൃത്തിക്കേസ്: ഇരട്ടപൗരത്വമുള്ളയാൾക്ക് ഇറാനിൽ പത്തു വർഷം തടവ്
Monday, July 17, 2017 12:56 AM IST
ടെഹ്റാൻ: ചാരവൃത്തിക്കേസിൽ അറസ്റ്റിലായിരുന്ന ഇരട്ട പൗരത്വമുള്ളയാൾക്ക് ഇറാനിൽ പത്തുവർഷം തടവ്. അമേരിക്കൻ നിർദേശ പ്രകാരം ഇറാനിലെത്തുകയും ചില പ്രധാനപ്പെട്ട ഔദ്യോഗിക രേഖകൾ ശേഖരിക്കുകയും ചെയ്ത ഇയാൾ ഇവിടെ നിന്നും മടങ്ങാനൊരുങ്ങവെയാണ് പിടിയിലായത്. പിന്നീട് ഇയാൾക്കെതിരെ ചാരവൃത്തിക്കുറ്റം ചുമത്തി ജയലിലടക്കുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട വിചാരണ നടപടികൾ നടന്നുവരുന്നതിനിടെ ഇറാനിൽ തടവിൽ പാർപിച്ചിരിക്കുന്ന തങ്ങളുടെ പൗരന്മാർക്കെതിരെ, കെട്ടിച്ചമച്ച കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും ഇവരെ എത്രയും വേഗം വിട്ടയക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ കോടതിയുടെ വിധി വന്നത്.

ഇറാൻ നീതിന്യായവകുപ്പ് വക്താവ് ഖൊലാംഹൊസെയ്ൻ മൊഹ്സെനിയാണ് ഈ വിവരം വ്യക്തമാക്കിയത്. കോടതിയിൽ കേസ് നടക്കുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ സാധിക്കില്ലെന്നും അന്തിമ വിധിപ്രസ്ഥാവത്തിനു ശേഷം മറ്റ് കാര്യങ്ങൾ വ്യക്തമാക്കാമെന്നും മൊഹ്സെനി പറഞ്ഞു.