കോൺഗ്രസ് സംഘത്തിന്‍റെ ബദുരിയ സന്ദർശനം തടഞ്ഞു
Tuesday, July 11, 2017 11:31 PM IST
കോൽക്കത്ത: കലാപബാധിതപ്രദേശമായ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബദുരിയയില്‍ കോൺഗ്രസ് നേതാക്കളുടെ സന്ദർശനം പോലീസ് തടഞ്ഞു. ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് അധിര്‍ ചൗധരിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് സംഘം ബദുരിയ സന്ദർശിക്കാനെത്തിയത്.

തങ്ങളുടെ സന്ദർശനം തടഞ്ഞ പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് അധിർ ചൗധരി വ്യക്തമാക്കി. ഏതെങ്കിലുമൊരു രാഷ്ട്രീയ കക്ഷിയുടെ അംഗങ്ങൾ സ്ഥലം സന്ദർശിക്കുന്നത് കൊണ്ട് എന്ത് പ്രശ്നമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

ബദുരിയ സാധാരണ നിലയിലേക്ക് എത്തണമെങ്കിൽ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ ആവശ്യമാണെന്ന് തിങ്കളാഴ്ച ചൗധരി വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഒരാഴ്ച മുമ്പ് ബാസിര്‍ഹത്തിലും ബദുരിയയിലും വര്‍ഗീയകലാപമാരംഭിച്ചത്. സംഘര്‍ഷത്തിന് അയവുവന്നെങ്കിലും താത്കാലികമായി നിരോധിച്ച ഇന്‍റർനെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിട്ടില്ല.