രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മീരകുമാർ പത്രിക സമർപ്പിച്ചു
Wednesday, June 28, 2017 10:15 AM IST
ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രതിപക്ഷ സ്ഥാനാർഥി മീരകുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ലോക്സഭ സെക്രട്ടറി ജനറലിനാണ് പത്രിക സമർപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ വീരഭദ്ര സിംഗ്, സിദ്ധരാമയ്യ, അമരീന്ദർ സിംഗ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല, തുടങ്ങി പ്രമുഖ നേതാക്കളും പത്രിക സമർപ്പിക്കാൻ മീരയ്ക്കൊപ്പം എത്തിയിരുന്നു.

ആർജെഡി, തൃണമൂൽ കോണ്‍ഗ്രസ്, സിപിഎം, എസ്പി, ബിഎസ്പി തുടങ്ങിയ കക്ഷികളുടെ എല്ലാം പിന്തുണ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം പത്രിക സമർപ്പണത്തിന് എസ്പി അധ്യക്ഷൻ മുലായം സിംഗ് യാദവ് എത്താതിരുന്നത് ശ്രദ്ധേയമായി. കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ചടങ്ങിനെത്തിയിരുന്നില്ല.

അഞ്ച് തവണ പാർലമെന്‍റ് അംഗവും രണ്ടാം യുപിഎ സർക്കാരിന്‍റെ കാലത്ത് ലോക്സഭ സ്പീക്കർ സ്ഥാനവും വഹിച്ചിട്ടുള്ള മീരകുമാർ ബിഹാറിൽ നിന്നുള്ള നേതാവാണ്. എൻഡിഎയുടെ രാംനാഥ് കോവിന്ദിനെതിരേയാണ് മീര മത്സരിക്കുന്നത്. രാംനാഥ് കോവിന്ദ് നേരത്തെ തന്നെ പത്രിക സമർപ്പിച്ചിരുന്നു.

എന്തായാലും കെ.ആർ.നാരായണന് ശേഷം ഇന്ത്യയ്ക്ക് ദളിത് വിഭാഗത്തിൽ നിന്നും ഒരു രാഷ്ട്രപതിയെ ലഭിക്കുമെന്ന് ഉറപ്പായി. ഉത്തർപ്രദേശിലെ കാണ്‍പൂർ സ്വദേശിയ രാംനാഥ് കോവിന്ദ് ബിജെപിയുടെയും ദളിത് മുഖമാണ്. ബിജെപി ദളിത് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അതേ വിഭാഗക്കാരിയായ മീരകുമാറിനെ കോണ്‍ഗ്രസും രംഗത്തിറക്കിയത്.
RELATED NEWS