മാധ്യമ സ്ഥാപനങ്ങൾ വേജ് ബോർഡ് ശിപാർശകൾ പൂർണമായും നടപ്പാക്കണമെന്ന് സുപ്രീംകോടതി
Monday, June 19, 2017 3:56 AM IST
ന്യൂഡൽഹി: പത്രസ്ഥാപനത്തിലെ തൊഴിലാളികളുടെ വേതനം പരിഷ്കരിക്കാൻ നിയോഗിച്ച മജീദിയ വേജ് ബോർഡ് കമ്മിറ്റിയുടെ ശിപാർശകൾ മാധ്യമ സ്ഥാപനങ്ങൾ പൂർണമായും നടപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പണത്തിന്‍റെ ദൗർലഭ്യത്തിന്‍റെ പേരിൽ വേജ് ബോർഡ് ശിപാർശകൾ നടപ്പാക്കാതിരിക്കാൻ പാടില്ല. വേജ് ബോർഡ് ശിപാർശകൾ നടപ്പാക്കുന്പോൾ സ്ഥിരം-കരാർ ജീവനക്കാർ എന്ന വേർതിരിവ് കാണിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റീസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

വേജ് ബോർഡ് ശിപാർശകൾ പൂർണമായും നടപ്പാക്കാൻ മാധ്യമസ്ഥാപനങ്ങൾ തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് (ഐഎഫ്ഡബ്ലുജെ) ഉൾപ്പടെയുള്ള തൊഴിലാളി സംഘടനകൾ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്. വേജ് ബോർഡ് ശിപാർശകൾ നടപ്പാക്കണമെന്ന നേരത്തെയുള്ള കോടതി വിധി പാലിക്കാത്ത മാധ്യമയുടമകളുടെ നിലപാടിനെ കോടതി രൂക്ഷമായി വിമർശിച്ചു.

വേജ് ബോർഡ് ശിപാർശകൾ തങ്ങളുടെ സാന്പത്തിക ശേഷിയിൽ നടപ്പാക്കാൻ കഴിയില്ലെന്നും ഉത്തരവ് പാലിക്കാൻ നിർബന്ധിതരായാൽ പല മാധ്യമസ്ഥാപനങ്ങളുടെയും സാന്പത്തികനില മോശമാകുമെന്നും ഉടമകൾ വാദിച്ചു. എന്നാൽ കോടതി ഈ വാദം തള്ളിക്കളഞ്ഞു.

2007-ൽ യുപിഎ സർക്കാരാണ് മാധ്യമസ്ഥാപനത്തിലെ തൊഴിലാളികളുടെ വേതനം പരിഷ്കരിക്കുന്നതിന് വേജ് ബോർഡിനെ നിയോഗിച്ചത്. നാല് വർഷത്തിന് ശേഷം സമിതി നൽകിയ റിപ്പോർട്ട് കേന്ദ്ര സർക്കാർ അംഗീകരിക്കുകയായിരുന്നു. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പൂർണമായും നടപ്പാക്കണമെന്ന് 2011 നവംബർ 11ന് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കുകയും ചെയ്തു. തുടർന്ന് മാധ്യമസ്ഥാപനങ്ങൾ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മജീദിയ വേജ് ബോർഡ് ശിപാർശകൾ പൂർണമായും നടപ്പാക്കണമെന്ന് 2014 ഫെബ്രുവരിയിൽ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.