രാംനാഥ് കോവിന്ദ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി
Monday, June 19, 2017 12:41 AM IST
ന്യൂഡൽഹി: ബിഹാർ ഗവർണർ രാംനാഥ് കോവിന്ദിനെ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി തീരുമാനിച്ചു. ഉത്തർപ്രദേശിലെ കാണ്‍പൂർ സ്വദേശിയായ രാംനാഥിന്‍റെ സ്ഥാനാർഥിത്വം അപ്രതീക്ഷിതമാണ്. ബിജെപി അധ്യക്ഷൻ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മുതൽ ഡിഎംആർസി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരൻ വരെയുള്ളവരുടെ പേര് എൻഡിഎ സ്ഥാനാർഥി പട്ടികയിൽ പറഞ്ഞുകേട്ടിരുന്നു. ഇവരെയെല്ലാം പിന്തള്ളിയാണ് രാംനാഥ് കോവിന്ദ് സ്ഥാനാർഥിയായത്.

2015 മുതൽ ബിഹാർ ഗവർണർ സ്ഥാനം വഹിക്കുന്ന രാംനാഥ് കോവിന്ദ് രണ്ടു തവണ രാജ്യസഭാംഗമായിരുന്നു. പാർട്ടി വക്താവ് സ്ഥാനവും ദളിത് മോർച്ച അധ്യക്ഷ സ്ഥാനവും രാംനാഥ് കോവിന്ദ് വഹിച്ചിട്ടുണ്ട്. ദളിത് വിഭാഗത്തിൽ നിന്നും എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരിക്കൽ പോലും രാംനാഥിന്‍റെ പേര് ഉയർന്നു വന്നിരുന്നില്ല. പ്രതിപക്ഷത്തിന്‍റെ കർക്കശ നിലപാടും രാംനാഥ് കോവിന്ദിനെ സ്ഥാനാർഥിയാക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കേരള ഗവർണർ പി.സദാശിവം, കേന്ദ്രമന്ത്രി തവർ ചന്ദ് ഗെലോട്ട് എന്നിവരുടെ പേരുകൾക്കും നല്ല സാധ്യത കൽപ്പിക്കപ്പെട്ടിരുന്നപ്പോഴാണ് അപ്രതീക്ഷിത സ്ഥാനാർഥിയെ അമിത് ഷാ പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ യാത്രയ്ക്ക് മുൻപായി രാംനാഥ് കോവിന്ദ് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. അപ്രതീക്ഷിത സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് വഴി പ്രതിപക്ഷത്തിന്‍റെ പിന്തുണ കൂടി ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് ശേഷം പിന്തുണയുടെ കാര്യം അറിയിക്കാമെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്. ആർഎസ്എസ് പശ്ചാത്തലമുള്ള സ്ഥാനാർഥിയെ പിന്തുണയ്ക്കില്ലെന്ന കോണ്‍ഗ്രസ്, സിപിഎം, എൻസിപി, തൃണമൂൽ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുടെ നിലപാടാണ് രാംനാഥ് കോവിന്ദിലേക്ക് ബിജെപിയെ എത്തിച്ചത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.