മഞ്ചേരി മെഡിക്കല്‍ കോളജ്: വിദ്യാർഥികൾ സമരം അവസാനിപ്പിച്ചു
Friday, May 19, 2017 12:35 AM IST
തിരുവനന്തപുരം: മഞ്ചേരി മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികള്‍ നടത്തിവന്ന അനിശ്ചിതകാലസമരം അവസാനിപ്പിച്ചു. അധ്യാപകരെ നിയമിക്കുന്നതുള്‍പ്പെടെ വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

മെഡിക്കൽ കോളജിനോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ കോളജിനു മുന്നിൽ കഴിഞ്ഞ നാലു ദിവസമായി അനിശ്ചിതകാല സമരം നടത്തിവരുകയായിരുന്നു. ഡോക്ടർമാരുടെ കുറവ് പരിഹരിക്കണമെന്നും കോളജിനോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ക്ലാസുകളിൽ നിന്ന് അവധിയെടുത്താണ് വിദ്യാർഥികൾ സമരം നടത്തിയത്.

മഞ്ചേരി മെഡിക്കൽ കോളജിനോടുള്ള സർക്കാർ അവഗണന സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എം. ഉമ്മറാണ് പ്രതിപക്ഷത്തു നിന്നു നോട്ടീസ് നൽകിയത്. ഐഎംസി നിർദേശിച്ച പ്രകാരം അധ്യാപകരും അനധ്യാപകരും കോളജിൽ ഇല്ലെന്നും സർക്കാർ ഈ വിഷയത്തിൽ ഉടൻ നടപടികൾ സ്വീകരിക്കണമെന്നും പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.