ത്രിപുര ഗവർണറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; പോലീസ് അന്വേഷണം ആരംഭിച്ചു
Friday, April 21, 2017 4:11 AM IST
അഗർത്തല: ത്രിപുര ഗവർണർ തഥാഗത റോയിയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജ്ഭവൻ ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐടി നിയമപ്രകാരം കേസെടുത്തതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

കോൽക്കത്ത സർവകലാശാലയിലെ ഒരു പ്രൊഫസറാണ് ഗവർണറുടെ പേരിലുള്ള വ്യാജ അക്കൗണ്ട് ആദ്യം പോലീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തുന്നത്. ഇതേത്തുടർന്നു രാജ്ഭവൻ ഉദ്യോഗസ്ഥർ ഇതേക്കുറിച്ച് പരാതിപ്പെടുകയായിരുന്നു. വേതനമില്ലാതെ സർക്കാർ ജോലിക്ക് ചെയ്യാൻ ആളുകളെ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകൾ വ്യാജ അക്കൗണ്ടിൽ പോലീസ് കണ്ടെത്തിയിരുന്നു.

വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ആളെ ഉടൻ പിടികൂടാനാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.